| Friday, 11th April 2025, 11:15 am

വയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. 17 കോടി രൂപ കൂടി കെട്ടിവെയ്ക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നേരത്തെ സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി 26 കോടി രൂപ കെട്ടിവെച്ചിരുന്നു. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

549 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് കോടതിയില്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആവശ്യപ്പെട്ടത്. നിലവില്‍ തേയില തോട്ടമുള്ള സ്ഥലമാണെന്നും ഓരോ തെയില ചെടിക്കുമടക്കം പണം നല്‍കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിലുള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പണം കെട്ടിവെച്ച ശേഷം ഭൂമിയുടെ ഫിസിക്കല്‍ പൊസിഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് ഇടക്കാല ഉത്തരവില്‍ കോടതി പറയുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ടൗണ്‍ഷിപ്പിനായി എല്‍സ്റ്റോണിലെ 64 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 26,57,10769 രൂപ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഏറ്റെടുക്കുമെന്ന് നേരത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19ല്‍ റീസര്‍വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക നല്‍കുകയെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Content Highlight: Wayanad rehabilitation; High Court says government can take over Elston Estate

We use cookies to give you the best possible experience. Learn more