വയനാട്: കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് വയനാട് നേതൃത്വം.
‘നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’ എന്നെഴുതിയ ബാനറുമായാണ് എം.എസ്.എഫ് രംഗത്തെത്തിയിരിക്കുന്നത്. കേശു കുഞ്ഞുങ്ങളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ വയനാട് ജില്ലയില്‍ നിന്ന് ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ടെന്നാണ് എം.എസ്.എഫിന്റെ ഭീഷണി.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ കെ.എസ്.യുവിനെയും ലക്ഷ്യമിട്ടാണ് എം.എസ്.എഫിന്റെ പരസ്യ പ്രതിഷേധം. വയനാട് ഡബ്‌ള്യു.എം.ഒ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തിലാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്.
സിദ്ദിഖിനെ തെമ്മാടിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് എം.എസ്.എഫ് പ്രകടനം നടത്തിയത്. നിലവില്‍ എം.എസ്.എഫിന്റെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പ്രതിഷേധിക്കുന്നത്.
കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖിനെ ലീഗുകാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വയനാട്ടില്‍ മുസ്‌ലിം ലീഗിനെ അദ്ദേഹം തകര്‍ക്കുമെന്ന് മുന്‍ വയനാട് എം.എസ്.എഫ് അധ്യക്ഷന്‍ പി.പി. ഷൈജില്‍ പ്രതികരിച്ചു. എം.എല്‍.എയാകാന്‍ സിദ്ദിഖ് കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വന്നപ്പോള്‍ തങ്ങള്‍ വയനാട്ടുകാരോട് കോഴിക്കോട് ജില്ലയിലെ പാര്‍ട്ടിക്കാര്‍ പറഞ്ഞതാണ് അധികം തലയില്‍ കയറ്റി നടക്കേണ്ട എന്നും ഷൈജില്‍ പറഞ്ഞു.
യൂത്ത് ലീഗില്‍ നിന്നും എം.എസ്.എഫില്‍ നിന്നും ആളെ കൊണ്ടുപോവുക എന്നതാണ് സിദ്ദിഖിന്റെ പരിപാടി എന്നതാണ് ആരോപണം. കഴിഞ്ഞ നാലു വര്‍ഷമായി ഡബ്‌ള്യു.എം.ഒ കോളേജിലും ജില്ലയിലാകമാനവും എം.എസ്.എഫിനെ തകര്‍ക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നതെന്നും ഷൈജില്‍ ആരോപിച്ചു.
കല്‍പ്പറ്റ എം.എല്‍.എയെ വോട്ട് ചെയ്ത് ജയിപ്പിച്ച ലീഗിനോടും എം.എസ്.എഫിനോടും നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കാതിരിക്കണമെന്നും പി.പി. ഷൈജില്‍ പറഞ്ഞു.
Content Highlight: Wayanad MSF against T. Siddique and I.C. Balakrishnan