തിരുവനന്തപുരം: വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ഈ കാര്യം അഭിപ്രായപ്പെട്ടത്.
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്,’ പിണറായി കുറിച്ചു.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Facebook Post of Pinarayi Vijayan: Screenshot from Facebook
‘ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണ്,’ പിണറായി കുറിച്ചു.
അതേസമയം, ഈ ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും അപക്വ പ്രസ്താവനകള്‍ക്കും വകുപ്പുകള്‍ തമ്മിലുള്ള പരസ്പര പഴിചാരലുകള്‍ക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാര്‍ ഉള്‍പ്പടെ തിരിച്ചറിയണമെന്നും മുന്‍ പൊതുമരാമത്ത് മന്ത്രിയും സി.പി.ഐ.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായോ എന്നതടക്കമുള്ളതെല്ലാം തീര്‍ച്ചയായും പിന്നീട് ചര്‍ച്ച ചെയ്യാനാവുമെന്നും എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.
”സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായോ?’, ‘മുന്നറിയിപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്തു?’, ‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ?’ എന്നതെല്ലാം തീര്‍ച്ചയായും പിന്നീട് നമുക്ക് ചര്‍ച്ച ചെയ്യാം. അതിനുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ അതിനുള്ള സമയം ഇപ്പോള്‍ത്തന്നെയാണെന്ന് കരുതുന്നില്ല,’ റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Facebook Post of PA Muhammad riiyas Screenshot from Facebook
രക്ഷാപ്രവര്‍ത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം. ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും റിയാസ് അഭിപ്രായപ്പെട്ടു.
‘ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കി, നിലവിലെ വീഴ്ചകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില യു.ഡി.ഫ് കേന്ദ്രങ്ങള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തി ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്,’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം, ഈ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വീഴ്ചകളും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൃത്യമായി നമുക്ക് പരിശോധിക്കാമെന്ന് പറഞ്ഞാണ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്ന് (ജൂലൈ 7- ചൊവ്വ) രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തൊഴിലാളികള്‍ എത്തിയ ബസിന് മുകളിലേക്കും അവര്‍ വിശ്രമിച്ചിരുന്ന ഷെഡിലേക്കുമാണ് മണ്ണ് ഇടിഞ്ഞുവീണത്.
Content Highlight: Wayanad Landslide: Response From Pinarayi Vijayan and P.A Muhammed Riyas