കല്‍പ്പറ്റ: ജൂലായ്, ഓഗസ്റ്റ് മാസങ്ങള്‍ മലയോര മേഖലയ്ക്ക് ദുസ്വപ്‌നങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. മഴയൊന്ന് കനത്തുപെയ്താല്‍ അവരുടെ നെഞ്ചിടിപ്പിന്റെ താളെ തെറ്റും.
പെയ്‌തൊഴിയാതെ മഴയെത്തിയപ്പോഴെല്ലാം തന്നെ പൊട്ടിയൊലിച്ചുവന്ന ഉരുള്‍ ഇവരുടെ സ്വപ്‌നങ്ങളെ പാടെ തകര്‍ത്തിട്ടുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ജൂലായ് മാസത്തെ ഇവര്‍ക്ക് ഭയമാണ്.
2024 ജൂലൈയില്‍ ഒരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശം കള്ളാടിയില്‍ നിന്ന് അഞ്ച് കിലോമീറ്ററും 2019ല്‍ ദുരന്തമുണ്ടായ പുത്തുമല 800 മീറ്ററും മാത്രം അകലെയാണ്.
മണ്ണിടിച്ചിലുണ്ടായ മീനാക്ഷിയിലും കനത്ത മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ 226 മില്ലി ലിറ്റര്‍ മഴയാണ് ഇവിടെ പെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുരങ്ക നിര്‍മാണ മേഖലയില്‍ നിന്നും മാറ്റിയ മണ്ണ് ഇവിടെ കൂട്ടിയിട്ടതില്‍ പ്രദേശവാസികള്‍ നേരത്തെ തന്നെ ആശങ്കയും എതിര്‍പ്പും അറിയിച്ചിരുന്നു. ഇവരുടെ ആശങ്ക ഒടുവില്‍ സത്യമായി വരികയായിരുന്നു.
കുത്തിയൊലിച്ചുവന്ന മണ്ണിനടിയില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ദോദ്‌റായ്, ബീഹാര്‍ സേദേശി ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രപാന്‍ പാല്‍ എന്നിവരാണ് മരണപ്പെട്ടത്. വിക്രം റാണ, രാഹുല്‍ഡ, മുഹമ്മദ് ഇമ്രാന്‍, രാകേഷ്, അസറുദ്ദീന്‍ അന്‍സാരി എന്നിവരെ കാണാതായിട്ടുമുണ്ട്.
മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
അതേസമയം, വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്. തെരച്ചിലിനായി പ്രത്യേകം പരിശീലനം നേടിയ കഡാവര്‍ നായ്ക്കളെയും എത്തിക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് ഉച്ചയോടെ മണ്ണിടിച്ചില്‍ നടന്ന സ്ഥലം സന്ദര്‍ശിക്കും.
അതേസമയം, ദുരന്തമേഖലയ്ക്ക് സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ ചുളിക്ക സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇതോടെ ചൂരല്‍മല- അട്ടമല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
Content Highlight: Wayanad – Kalladi Landslide, 3 died. 5 missing