| Saturday, 25th April 2026, 12:48 pm

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് മുക്കിയ ആപ്പിലെ വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് ഫണ്ട് ശേഖരണം നടത്തിയ ആപ്പിലെ വിവരങ്ങള്‍ പുറത്ത്.

ഫണ്ട് ശേഖരണത്തിനായി തയ്യാറാക്കിയ ‘സ്റ്റാന്‍ഡ് വിത്ത് വയനാട്’ എന്ന ആപ്പിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് ഐ.ടി വിദഗ്ധനായ രജിത്ത് രാമചന്ദ്രനാണ് വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളും ആപ്പിലെ വിവരങ്ങളും തമ്മില്‍ വലിയ പൊരുത്തക്കേടുകളാണ് ഉള്ളത്.

ആപ്പില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ആകെ സമാഹരിച്ചത് 3,78,68,718 രൂപ ആകെ നടന്ന ഇടപാടുകള്‍ (വിജയകരമായവ) 22,702 ആണ്.

എറണാകുളം അടക്കമുള്ള ഭൂരിപക്ഷം ജില്ലകളില്‍ നിന്നും 15 ലക്ഷം രൂപ പോലും ലഭിച്ചതായി കണക്കിലില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് നിന്ന് വെറും 4 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് പിരിവായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ സഹായപ്രവാഹമുണ്ടായ 2024 സെപ്റ്റംബര്‍ മാസത്തെ ഒരു വിവരവും ആപ്പില്‍ ഇല്ല. ഇത് പൂര്‍ണമായും മുക്കി. ഈ മാസത്തെ ഡാറ്റ ബോധപൂര്‍വ്വം മുക്കിയതാണെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു.

വന്‍കിട സംഭാവനകള്‍, സര്‍വീസ് സംഘടനകള്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ നല്‍കിയ രൂപയുടെ വിവരങ്ങള്‍ ആപ്പില്‍ കാണാനില്ല. അത് പൂര്‍ണമായും മുക്കി. എന്നാല്‍ ആപ്പ് വഴിയല്ലാതെ ലഭിച്ച 10 ലക്ഷത്തിന്റെയും 20 ലക്ഷത്തിന്റെയും ചില രേഖകള്‍ മാത്രം ആപ്പില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

പുറത്തുവിട്ട കണക്കും ആപ്പിലെ കണക്കും തമ്മില്‍ ഒരു ബന്ധവുമില്ലെങ്കിലും, ആകെ തുക (Total) ഒന്നാണെന്ന വിചിത്രമായ കണ്ടെത്തലും അദ്ദേഹം പങ്കുവെച്ചു.

കോണ്‍ഗ്രസ് പിരിച്ച ഫണ്ടെവിടെ എന്ന ചോദ്യം കേരള സമൂഹം ഒന്നാകെ ഉയര്‍ത്തിയതോടെയായിരുന്നു കണക്കുകള്‍ വിശദീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തേണ്ടി വന്നത്.

രണ്ട് അക്കൗണ്ടുകളിലായി 5,38,21,632 രൂപ ലഭിച്ചെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി രൂപ പിരിച്ചുനല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പിരിച്ച ഈ തുക ദുരന്തബാധിതര്‍ക്കായി വീടുനിര്‍മിക്കാന്‍ തികയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭൂമി വാങ്ങുന്നതിനായി ഭീമമായ തുക ചെലവായെന്നും ഇനി വീട് നിര്‍മിക്കാന്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് പണം കണ്ടെത്തുമെന്നുമായിരുന്നു കെ.പി.സി.സിയുടെ വിശദീകരണം.

മൂന്നേക്കര്‍ 24.5 സെന്റ് ഭൂമിക്കായി 3,68,36,388 രൂപയും, രണ്ടാം ഘട്ടമായി രണ്ടേക്കര്‍ 18 സെന്റിന് 2,50,30,272 രൂപയും ചെലവായതായിട്ടാണ് സണ്ണി ജോസഫ് പറഞ്ഞിരുന്നത്.

രജിസ്ട്രേഷന്‍ നടപടികള്‍ക്കായി ഇനിയും 73 ലക്ഷത്തോളം രൂപ വേണമെന്നും വീട് നിര്‍മിക്കാനായി പിരിച്ച ഫണ്ട് ഭൂമി വാങ്ങുന്നതിലൂടെ തന്നെ തീര്‍ന്നു എന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴൊന്നും അത് വിശദീകരിക്കാനോ വ്യക്തത വരുത്താനോ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Content Highlight: Wayanad Fund Collection: Details Leaked from the App Suppressed by Congress

We use cookies to give you the best possible experience. Learn more