| Saturday, 26th April 2025, 11:29 am

വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ; കെ. സുധാകരന്റെ മൊഴിയെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുക്കുന്നു. ബത്തേരി പൊലീസാണ് മൊഴിയെടുക്കുന്നത്.

കണ്ണൂരിലെ വീട്ടിലെത്തിയാണ് കെ. സുധാകരന്റെ മൊഴിയെടുക്കുന്നത്. ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.

2024 ഡിസംബര്‍ 24 ചൊവ്വാഴ്ചയാണ് എന്‍.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ജിജേഷിന്റെയും രാത്രിയോടെ വിജയന്റെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

എം.എന്‍. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് കെ.പി.സി.സി അധ്യക്ഷനെ ഉള്‍പ്പെടെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എഴുതിയിരുന്നത്. കെ. സുധാകരനെ ഈ കത്ത് എം.എന്‍. വിജയന്റെ കുടുംബം വായിച്ച് കേള്‍പ്പിക്കുകയും ചെയ്തിരുന്നു.

കത്തില്‍ തന്റെ സാമ്പത്തിക ബാധ്യതയില്‍ പാര്‍ട്ടി പരിഹാരം കാണണമെന്നും 10 ദിവസത്തിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസ് മേധാവിയെ വിവരം അറിയിക്കണമെന്നുമാണ് എം.എന്‍. വിജയന്‍ പറഞ്ഞിരുന്നത്. ഇക്കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കെ. സുധാകരന്റെ മൊഴിയെടുക്കുന്നത്.

എം.എന്‍. വിജയന്റെ മരണത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിരുന്നു. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

ഇതില്‍ കെ.കെ. ഗോപിനാഥിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തിരുന്നു.

ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും എന്‍.എം. വിജയന്‍ കത്തില്‍ പറഞ്ഞിരുന്നു.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.

Content Highlight: Wayanad DCC treasurer’s suicide; K. Sudhakaran’s statement being recorded

We use cookies to give you the best possible experience. Learn more