പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ പൊലീസിനെ പഴിചാരി വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ടി അപ്പച്ചന്‍.
താനടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നിലെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ആരാണ് ഇതിനു പിന്നിലെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്നും എന്‍.ടി അപ്പച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തില്‍ പൊലീസുകാര്‍ അത് വെളിപ്പെടുത്തേണ്ടതാണെന്നും എന്തിനത് മൂടിവെക്കണമെന്നും അപ്പച്ചന്‍ ചോദിച്ചു.
സാധാരണഗതിയില്‍ ഒരു കേസ് ഉണ്ടായാല്‍ അതിനെകുറിച്ച് അന്വേഷിച്ച് , അന്വേഷണ റിപ്പോര്‍ട്ടോടുകൂടിയാണ് കോടതിയുടെ മുമ്പില്‍ ഹാരാജാക്കുകയോ റിമാന്‍ഡ് ചെയ്യുകയോ ജാമ്യത്തില്‍ വിടുകയോ ചെയ്യുന്നത്. എന്നാല്‍ ഈ കേസില്‍ ഇതൊന്നും നടന്നില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയ സമീപനം ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുള്ളന്‍കൊല്ലിയിലെ വിഭാഗീയത പരിഹരിക്കുന്നതില്‍ ഡി.സി.സി നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അങ്ങനെ ആരെങ്കിലും പറയുന്നത് കേട്ട് അംഗീകരിച്ച് ഇരിക്കാനല്ല ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി എന്നായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ മറുപടി.
തങ്കച്ചനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. തങ്കച്ചന്‍ എന്നത് ഇവിടെ ഒരു വിഷയമല്ലെന്നും ഒരു വാര്‍ഡ് പ്രസിഡന്റ് ആയിരുന്ന തങ്കച്ചന്‍ വിളിച്ചുപറയുന്നത് കേട്ടിരിക്കാനല്ല ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്ന് തനിക്ക് അറിയാമെന്നും അപ്പച്ചന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തട്ടിക്കയറിയായിരുന്നു അപ്പച്ചന്റെ മറുപടി.
കുറച്ചുകാലമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇതിനുള്ള കാരണം താന്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് നെല്ലേടത്ത് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടുണ്ടല്ലോയെന്നും അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്നുമുള്ള ചോദ്യത്തില്‍ തങ്ങളോടൊപ്പമുള്ള ഒരു സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടതില്‍ ഏറെ ദുഖവും പ്രയാസവും ഉണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങള്‍ സംസാരിക്കുമെന്നുമായിരുന്നു മറുപടി.
കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് എന്ന ആരോപണം പൂര്‍ണമായും നിഷേധിക്കുകയാണോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഗ്രൂപ്പ് വഴക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി
Content Highlight: Wayanad DCC President N.T. Appachan blamed the police for the death of Mullankolli panchayat member Jose Nelledam