കല്‍പ്പറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ രാജിവെച്ചു. മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായതിന് പിന്നാലെയാണ് എന്‍.ഡി. അപ്പച്ചന്റെ രാജി.
ഗ്രൂപ്പ് തര്‍ക്കം, നിയമന കോഴ, പ്രാദേശിക തലത്തിലെ അഭിപ്രായഭിന്നത തുടങ്ങിയ വിഷയങ്ങള്‍ എന്‍.ഡി. അപ്പച്ചനെ രാജിയിലേക്ക് നയിച്ചുവെന്നാണ് വിവരം.
എന്‍.ഡി. അപ്പച്ചന്റെ രാജി സ്വീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എന്‍.ഡി. അപ്പച്ചന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കുന്നത്.
അടുത്തിടെ വയനാട് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍.ഡി. അപ്പച്ചന്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം എന്‍.എം. വിജയന്റെ ബാങ്ക് കുടിശ്ശിക കെ.പി.സി.സി അടച്ചുതീര്‍ത്തിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്കിലെ 63 ലക്ഷത്തിന്റെ കുടിശ്ശികയാണ് കെ.പി.സി.സി നേതൃത്വം അടച്ചുതീര്‍ത്തത്. 69 ലക്ഷം രൂപയായിരുന്നു വിജയന് ബാങ്കില്‍ കുടിശ്ശികയുണ്ടായിരുന്നത്.
നിലവില്‍ പലിശയിളവ് കഴിഞ്ഞ് 63 ലക്ഷം രൂപയാണ് കെ.പി.സി.സി അടച്ചുതീര്‍ത്തിരിക്കുന്നത്. ബാങ്ക് കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ തങ്ങള്‍ സത്യാഗ്രഹമിരിക്കുമെന്ന് വിജയന്റെ കുടുംബം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ.പി.സി.സിയുടെ ഇടപെടല്‍.
2024 ഡിസംബര്‍ 24നാണ് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിക്കുകയായിരുന്നു.
ശേഷം അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരുന്നു. ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്നായിരുന്നു വിജയന്‍ ആത്മഹത്യ കുറിപ്പിലെഴുതിയിരുന്നത്.
പിന്നാലെ എന്‍.ഡി. അപ്പച്ചന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കയും ചെയ്തിരുന്നു.
Content Highlight: Wayanad DCC President N.D. Appachan resigns