വയനാട്: പരിസ്ഥിതി സംരക്ഷണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകാപരമായ നേട്ടവുമായി വയനാട്. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് മാറി. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘ഭൂമി’ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം നടപ്പാക്കിയ പ്രത്യേക ഇ-മാലിന്യ ശേഖരണ യജ്ഞത്തിലൂടെ ഒക്ടോബര്‍ 30 വരെ ആകെ 80 ടണ്‍ ഇലക്ട്രോണിക് മാലിന്യമാണ് ശേഖരിച്ചത്. 23 ഗ്രാമപഞ്ചായത്തുകളെയും 3 നഗരസഭകളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ചത്.
അപകടകരമായ രാസ മലിനീകരണത്തില്‍ നിന്നും നമ്മുടെ കൃഷിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കിയാണ് ഇ-മാലിന്യ മുക്ത പദ്ധതി നടപ്പിലാക്കിയതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. ഇ-മാലിന്യങ്ങള്‍ അശാസ്ത്രീയമായി ഉപേക്ഷിക്കുകയോ സംസ്കരിക്കുകയും ചെയ്യുന്നതിലൂടെ അവയിലെ അപകടകരമായ ഘടകങ്ങള്‍ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും എത്തുന്നതും അതുവഴി കൃഷിയും പ്രകൃതിയും നശിക്കുന്നതും തടയാനുള്ള പോരാട്ടം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026 സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ നീണ്ടുനിന്ന ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് മാത്രം 31 ടണ്ണിലധികം ഇ-മാലിന്യം ശേഖരിച്ചു. ജില്ലയിലുടനീളമുള്ള 184 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമായി. ഗാന്ധിജയന്തി ദിനത്തില്‍ വയനാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളെയും സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ഓഫീസുകളായി പ്രഖ്യാപിച്ചു.
ഇ-മാലിന്യ ശേഖരണത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്ന് മാത്രം 5,423 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ചത്. ഇതിലൂടെ 2026 ഒക്ടോബര്‍ 27-ന് ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി നൂല്‍പ്പുഴ പ്രഖ്യാപിക്കപ്പെട്ടു.
ഈ യഞ്ജത്തിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ നിക്ഷേപം തടയുന്നതിനും പരിസ്ഥിതി മലിനീകരണ സാധ്യതകള്‍ കുറയ്ക്കുന്നതിനും വയനാടിന് സാധിച്ചു. ശേഖരിച്ച ഇ-മാലിന്യങ്ങള്‍ തുടര്‍സംസ്കരണത്തിനായി ക്രമീകരിച്ച സംവിധാനങ്ങളിലൂടെ കൈമാറും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, സര്‍ക്കാര്‍ വകുപ്പുകള്‍, ഹരിതകര്‍മസേന, ശേഖരണ പങ്കാളികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നില്‍. ഇ ക്ലീന്‍ കേരള കമ്പനി, ഇ.വൈ.ജി.ഡി.എസ്, വിശ്വശാന്തി ഫൗണ്ടേഷന് ഗ്രീന്‍വേംസ്, കോനാരിസ്, റോയല്‍ എം.ആര്.സി. തുടങ്ങിയ പങ്കാളികളെയും ശേഖരണ-തുടര്സംസ്കരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി 70-ലധികം ബോധവല്‍ക്കരണ പോസ്റ്ററുകളും 12-ലധികം വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിച്ചു. കൂടാതെ കൃഷിമന്ത്രി ടി.സിദ്ദിഖ് മുന്‍കൈയെടുത്ത് നടത്തിയ 30-ലധികം ഔദ്യോഗിക യോഗങ്ങളിലൂടെ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം-12 ല്‍ മുന്നോട്ടുവെക്കുന്ന ഉത്തരവാദിത്തപരമായ ഉപഭോഗവും ഉല്‍പ്പാദനവും എന്ന ആശയത്തിന് കരുത്തേകിക്കൊണ്ട് ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകുകയാണ് വയനാട്.
ഇലക്ട്രോണിക് മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം തുടങ്ങിയ അപകടകരമായ ഘടകങ്ങള്‍ അശാസ്ത്രീയമായി ഉപേക്ഷിക്കുമ്പോള്‍ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും കലരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വയനാടിന്റെ കാര്‍ഷിക മേഖല, വനസമ്പത്ത്, നദികള്‍, തോടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്നതില്‍ ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണത്തിനും സംസ്കരണത്തിനും വലിയ പ്രാധാന്യമുണ്ട്.
ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ബാറ്ററികള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ സാധാരണ മാലിന്യങ്ങളോടൊപ്പം ഉപേക്ഷിക്കാതെ ഹരിതകര്‍മസേന മുഖേനയും നിശ്ചിത ശേഖരണ കേന്ദ്രങ്ങള്‍ വഴിയും കൈമാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കുമിഞ്ഞുകൂടുന്ന ഇ-മാലിന്യങ്ങള്‍ ഉത്തരവാദിത്തപൂര്‍ണമായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഇതിലൂടെ ജനങ്ങളിലെത്തിച്ചു.
ശേഖരിച്ച ഇ-മാലിന്യങ്ങളില്‍നിന്ന് പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും അംഗീകൃത സംവിധാനങ്ങളിലൂടെ സുരക്ഷിതമായ തുടര്സംസ്കരണം ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‍കും. ശേഖരണം മുതല്‍ അന്തിമ സംസ്കരണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപൂര്ണവുമാക്കുകയാണ് ലക്ഷ്യം.
ഇ-മാലിന്യമുക്ത ജില്ല എന്ന നേട്ടത്തിനപ്പുറം കാലാവസ്ഥാ അതിജീവനശേഷിയുള്ള വികസന മാതൃക സൃഷ്ടിക്കാനുള്ള വിശാലമായ കാഴ്ചപ്പാടോടെയാണ് വയനാട് മുന്നോട്ടുപോകുന്നത്. കേരളത്തിലെ ഏക ആസ്പിരേഷണല്‍ ജില്ലയായ വയനാടിനെ പരിസ്ഥിതി സംരക്ഷണം, ശാസ്ത്രീയമായ ദുരന്ത മുന്നൊരുക്കം, കാലാവസ്ഥാ അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിര കാര്‍ഷിക വികസനം, ഉത്തരവാദിത്തപൂര്‍ണമായ വിനോദസഞ്ചാരം, ജനപങ്കാളിത്തം എന്നിവയില്‍ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യം.
ദുരന്തങ്ങളുടെയും പാരിസ്ഥിതിക വെല്ലുവിളികളുടെയും പേരില്‍ ദേശീയ ശ്രദ്ധയില്‍ ഇടംപിടിച്ച വയനാട്, പരിസ്ഥിതി സംരക്ഷണത്തിലൂടെയും ജനകീയ പങ്കാളിത്തത്തിലൂടെയും വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനുള്ള യാത്രയിലാണ്.
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് കൈവരിച്ച നേട്ടം കേവലം ഒരു മാലിന്യ ശേഖരണ പ്രവര്‍ത്തനത്തിന്റെ വിജയമല്ല. ഉത്തരവാദിത്തപൂര്‍ണമായ മാലിന്യപരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ജനപങ്കാളിത്തത്തിനും രാജ്യത്തിന് മുന്നില്‍ വയനാട് അവതരിപ്പിക്കുന്ന മാതൃക കൂടിയാണ്.
ഹരിത കര്‍മ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും വീടുകളില്‍ എത്തിയപ്പോള്‍ ഇല്ലാതിരുന്നതിന്റെ പേരിലും അല്ലാതെയുമായി ‘സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത വയനാട് ജില്ല’ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയാതെ പോയവര്‍ക്കായി നവംബര്‍ 10 വരെ അവസരം ഒരുക്കിയതായി കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. വിട്ടുപോയ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സേവനം ഉറപ്പുവരുത്തുന്നതിനായി വയനാട് കളക്ടറേറ്റില്‍ കോള്‍ സെന്റര്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. പരാതി പരിഹാര നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടാല്‍ ആ വിവരം ഉടന്‍തന്നെ അതാത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍ : 8078409770
Content Highlight: Wayanad becomes India’s first fully e-waste-free district; Minister T. Siddique describes it as a battle to protect the soil and agriculture.