കൽപ്പറ്റ: പാസ്റ്റർക്ക് നേരെ നടന്ന ബജ്റംഗ്ദൾ കൊലവിളിയിൽ കേസെടുത്ത് പൊലീസ്. ബത്തേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവത്തിൻ്റെ വീഡിയോ പുറത്ത് വന്നത്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭീഷണി, തടഞ്ഞുവെക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ കൈയേറ്റം ചെയ്യുകയായിരുന്നു. ബത്തേരി ടൗണിൽ വെച്ച് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ രണ്ടിന് നടന്ന സംഭവം നടന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
എന്തിന് ഹിന്ദുക്കളുടെ വീട്ടിൽ കയറി എന്ന് ചോദിച്ചുകൊണ്ടാണ് ബജ്റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ കൈയേറ്റം ചെയ്‌തത്. പാസ്റ്ററെ കൈയേറ്റം ചെയ്‌ത ബജ്റംഗ്ദൾ പ്രവർത്തകരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെറുകാട് ആദിവാസി ഉന്നതിയിലെ വെക്കേഷൻ ക്ലാസുകളിലേക്ക് കുട്ടികളെ ക്ഷണിക്കാനെത്തിയ പാസ്റ്ററെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുനിർത്തിയത്. പെന്തക്കോസ്ത് സഭയുടെ ഭാഗമായ പ്രൈസ് ആൻഡ് വേർഷിപ്പ് ചർച്ചിലെ പാസ്റ്റർക്ക് നേരെയാണ് അതിക്രമം നടന്നത്.
ജൂലൈ 25ന് ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ മനുഷ്യക്കടത്തും മതപരിവർത്തനവും നടത്തുകയാണെന്ന് ആരോപിച്ച് ആദ്യമായി രംഗത്തെത്തിയത് സംസ്ഥാനത്തെ ബജ്റംഗ്ദൾ പ്രവർത്തകരാണ്. ബജ്റംഗ്ദൾ പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഛത്തിസ്‌ഗഡ് പൊലീസ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്.
റെയില്‍വേ സ്റ്റേഷനിലെത്തിയ കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് എന്‍.ഐ.എ കോടതി കന്യാസ്ത്രീകള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ഇരുവരും ജയില്‍ മോചിതരാവുകയും ചെയ്തു.
Content Highlight: Wayanad bajrang dal pastor attack, Police filed case