| Tuesday, 24th June 2025, 9:34 pm

ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സപ്രസ് ചോര്‍ന്നൊലിക്കുന്നു; ദുരനുഭവം പങ്കുവെച്ച് യാത്രക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ചോര്‍ന്നൊലിക്കുന്നതായി പരാതി. ട്രെയിനിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങി അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതിന്റെ വീഡിയോ ഒരു യാത്രക്കാരന്‍ പങ്കുവെച്ചതോടെയാണ് യാത്ര ദുരിതം ചര്‍ച്ചയായത്. ദര്‍ശില്‍ മിശ്ര എന്ന യാത്രക്കാരനാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

സീലിങ് വെന്റില്‍ നിന്ന് വെള്ളം യാത്രക്കാരുടെ സീറ്റിലേക്ക് ഒഴുകുന്നതിന്റെ വീഡിയോകളും അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പരാതികള്‍ നല്‍കിയിട്ടും റെയില്‍വേ ജീവനക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ദര്‍ശില്‍ മിശ്ര ആരോപിച്ചു. അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘വന്ദേഭാരത് ട്രെയിനില്‍ എ.സി പ്രവര്‍ത്തിക്കുന്നില്ല, വെള്ളം ചോര്‍ച്ചയുമുണ്ട്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്ര. നിരവധി പരാതികള്‍ ലഭിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി ഇത് പരിശോധിക്കുക,’ കമ്പാര്‍ട്ട്‌മെന്റ് ഗേറ്റിന് സമീപമുള്ള ഒഴിഞ്ഞ സീറ്റിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്‌സില്‍ എഴുതി. വെള്ളം സീറ്റിലേക്ക് ഒലിച്ച് ഇറങ്ങുന്നതിനാല്‍ യാത്രക്കാരിയായ പെണ്‍കുട്ടി സീറ്റില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

എക്‌സില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതെന്നും തന്റെ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നും മിശ്ര ആവശ്യപ്പെട്ടിരുന്നു.

‘ഒന്നും സംഭവിക്കുന്നില്ല, എല്ലാ ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു. നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല, എ.സിയുടെ താപനില വളരെ കൂടുതലാണ്. എനിക്ക് എന്റെ മുഴുവന്‍ തുകയും തിരികെ വേണം,’ യാത്രക്കാരന്‍ എക്‌സില്‍ കുറിച്ചു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി റെയില്‍വെ രംഗത്ത് എത്തി. ‘കണ്ടന്‍സേറ്റ് വെള്ളം’ കാരണമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് റെയില്‍വെ നല്‍കിയ വിശദീകരണം.

മിക്‌സ് മീഡിയ അഥവാ റിട്ടേണ്‍ എയര്‍ ഫില്‍ട്ടര്‍ എ.സി ഡ്രെയിനിലെ ദ്വാരങ്ങള്‍ അടഞ്ഞതിനാലാണ് വെള്ളം ചോര്‍ന്നതെന്നാണ് റെയില്‍വെ നല്‍കിയ വിശദീകരണം. കൂളിംഗ് കോയിലിനടിയില്‍ കണ്ടന്‍സേറ്റ് വെള്ളം അടിഞ്ഞുകൂടി. ഇത് പാസഞ്ചര്‍ ഏരിയയിലേക്ക് വെള്ളം ഒഴുകുകയായിരുന്നെന്നാണ് റെയില്‍വെയുടെ ഔദ്യോഗിക സഹയ പോര്‍ട്ടലായ റെയില്‍വേ സേവ എക്‌സില്‍ കുറിച്ചത്.

Content Highlight: Water leakage in vande Bharat; Passenger shares video 

We use cookies to give you the best possible experience. Learn more