| Saturday, 24th October 2026, 7:09 am

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മസ്ജിദിലെ ജല-വൈദ്യുതി കണക്ഷനുകള്‍ പുനസ്ഥാപിക്കാനാകില്ല: ദല്‍ഹി ഹൈക്കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള വഖഫ് സ്വത്തായ റേസ് കോഴ്‌സ് പള്ളിയിലേക്കുള്ള ജല-വൈദ്യൂത കണക്ഷനുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം തള്ളി ദല്‍ഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് പള്ളി ഇമാം മുഹമ്മദ് ഹാരൂണ്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

ഈ പള്ളി നിലനില്‍ക്കുന്ന സ്ഥലത്തിന്മേല്‍ ഹരജി നല്‍കിയ ഇമാമിന് വ്യക്തിപരമായോ നിയമപരമായോ യാതൊരു അവകാശവുമില്ലെന്ന് കാണിച്ചാണ് കോടതി നടപടി. കൂടാതെ, പള്ളിയുടെ ഉടമസ്ഥാവകാശമുള്ള ദല്‍ഹി വഖഫ് ബോര്‍ഡ് കണക്ഷനുകള്‍ വിച്ഛേദിച്ചതിനെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് സൗരഭ് ബാനര്‍ജി പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് പള്ളിയിലേക്കുള്ള അത്യാവശ്യ സേവനങ്ങളായ വെള്ളവും വൈദ്യുതിയും അധികൃതര്‍ വിച്ഛേദിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 12-ന് ഇമാം കോടതിയെ സമീപിക്കുകയായിരുന്നു. പള്ളിക്ക് സമീപമുള്ള നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കാരണം സുരക്ഷാ ഭീഷണിയുള്ളതിനാലാണ് കണക്ഷനുകള്‍ റദ്ദാക്കിയതെന്നാണ് ന്യൂദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ വിശദീകരണം.

53 ഏക്കറോളം വരുന്ന റേസ് കോഴ്‌സ് ക്ലബ്ബ് കോംപ്ലക്‌സിനുള്ളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വസതിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ അതീവ സുരക്ഷാ മേഖലയാണിത്. കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ കാരണങ്ങളാണ് പള്ളി ഒഴിപ്പിക്കാനുള്ള താക്കീതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പള്ളി പൂര്‍ണമായി ഒഴിപ്പിക്കുന്നതിനായി ഇതുവരെ ഔദ്യോഗിക നോട്ടീസുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വാദം.

പള്ളിയുടെയും പ്രധാനമന്ത്രിയുടെ വസതിയുടെയും സമീപമുള്ള ചേരി നിവാസികളെ ദേശീയ സുരക്ഷ എന്ന കാരണം കാണിച്ച് 45 കിലോമീറ്റര്‍ അകലെയുള്ള സാവ്ദ ഘേവ്ര എന്ന പുനരധിവാസ കോളനിയിലേക്ക് മാറ്റാന്‍ ദല്‍ഹി ഹൈക്കോടതി ഒക്ടോബര്‍ 19-ന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍, പള്ളി പൂര്‍ണമായി ഒഴിപ്പിക്കുന്നതിനായി ഔദ്യോഗികമായി നോട്ടീസുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിക്കുന്നത്. അതേസമയം, ആറ് ദിവസത്തിനകം പള്ളി ഒഴിഞ്ഞുതരണമെന്ന് ഉദ്യോഗസ്ഥര്‍ തന്നോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇമാം പറഞ്ഞിരുന്നു.

കാലങ്ങളായി എല്ലാ ബില്ലുകളും കൃത്യമായി അടച്ചുപോരുന്ന പള്ളിയുടെ കണക്ഷനുകള്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് വിച്ഛേദിച്ചതെന്ന് കാണിച്ച് ഒക്ടോബര്‍ എട്ടിന് വഖഫ് ബോര്‍ഡ് എന്‍.ഡി.എം.സിക്ക് കത്തയച്ചിരുന്നു.

ദല്‍ഹി വഖഫ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഈ മസ്ജിദ് 2009-ല്‍ ഗ്രേഡ് 2 പൈതൃക ഘടനയായി പ്രഖ്യാപിക്കപ്പെട്ട ഒന്നാണ്. പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പോലുള്ള സംഘടനകള്‍ കേന്ദ്ര മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.

Content Highlight: Water and electricity connections to the mosque near the Prime Minister’s residence cannot be restored: Delhi High Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more