മലയാള സിനിമയില്‍ ചെറുതും വലുതുമായ അനേകം വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദിനേഷ് പ്രഭാകര്‍. മിമിക്രിയിലൂേേടയും നാടകങ്ങളിലൂടെയും സീരിയലുകളിലൂടേയും സിനിമകളിലൂടേയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് അദ്ദേഹം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3യിലാണ് ദിനേഷ് പ്രഭാകര്‍ ഒടുവിലായി അഭിനയിച്ചത്.
ചെറിയ പ്രായത്തില്‍ ഹിന്ദി സിനികമളും സീരിയലുകളുമെല്ലാം കണ്ട് മുംബൈയോടും അധോലോകത്തോടുമൊക്കെ വലിയ താത്പര്യം തോന്നിയെന്നും മോഹന്‍ലാലിന്റെ ആര്യന്‍ എന്ന സിനിമ കൂടി കണ്ടതോടെ അണ്ടര്‍വേള്‍ഡ് കിങ് ആവാന്‍ ആഗ്രഹിച്ച് ബോംബെക്ക് വണ്ടി കയറിയെന്നും ദിനേഷ് പ്രഭാകര്‍ ഷെഫ് നളനുമായി നടത്തിയ പോഡ്കാസ്റ്റില്‍ പറയുന്നു.
പ്രീഡിഗ്രി കഴിഞ്ഞ് അടുത്തത് എന്ത് എന്ന് ആലോചിച്ചിരിക്കുന്ന സമയം. രണ്ടാമത്തെ ചേച്ചിയെ വിവാഹം കഴിച്ചുകൊണ്ടുപോയത് ബോംബെക്കാണ്.
ആ സമയത്താണ് വീട്ടില്‍ ടിവി വരുന്നത്. ദൂരദര്‍ശനിലെ രാമായണവും ഹീമാനുമൊക്കെ കണ്ടാണ് ഹിന്ദിയുമായി കണക്ടാവുന്നത്. ഷാരൂഖ് ഖാന്‍ അഭിനയിച്ച സീരിയലൊക്കെ കണ്ട് ഹിന്ദി സ്വായത്തമാവാന്‍ തുടങ്ങി. അനില്‍ കപൂറിന്റെയും ജാക്കി ഷറഫിന്റെയും സിനിമകള്‍ കണ്ട് ഹിന്ദി സിനിമയോട് ഭയങ്കര പാഷനായി. സാധാരണ സിനിമാ മോഹികള്‍ ചെന്നൈയിലേക്കാണ് പോകാറുള്ളതെങ്കിലും എന്റെ ശ്രദ്ധ വടക്കോട്ടായി.
ആര്യന്‍ മൂവി പോസ്റ്റര്‍ PHOTO: m3db
ആ സമയത്താണ് ലാലേട്ടന്റെ ‘ആര്യന്‍’ വരുന്നത്. നാട്ടില്‍ തല്ലിപ്പൊളിയായി നടന്ന് ബോംബെയില്‍ പോയി ഒരാളെ ഇടിച്ച് ദാദയായി മാറുന്ന ആ സിനിമ ഉള്ളില്‍ ഒരു ചെറിയ ചാഞ്ചാട്ടം ഉണ്ടാക്കി. അടുത്തത് എന്ത് ചെയ്യണം എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ ബോംബെയില്‍ സഹോദരി ഉള്ളതുകൊണ്ട് അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു.
മനസ്സില്‍ അണ്ടര്‍വേള്‍ഡ് മോഹങ്ങളും ഹിന്ദി പാട്ടുകളുമായി ഒരു വര്‍ണ്ണശബളമായ ബോംബെ സ്വപ്നം കണ്ടാണ് പോയത്. പക്ഷേ ബോംബെയില്‍ ചെന്ന് ഇറങ്ങിയപ്പോഴാണ് സത്യം മനസ്സിലാക്കുന്നത്. ഞാന്‍ കണ്ട ചിത്രഹാറൊന്നുമല്ല അവിടുത്തെ അവസ്ഥയെന്നും എനിക്ക് ഹിന്ദി സംസാരിക്കാന്‍ പോലും അറിയില്ലെന്നും അവിടെ ചെന്നപ്പോള്‍ ബോധ്യപ്പെട്ടു. അവര്‍ പറയുന്നത് കേട്ട് വായുംപൊളിച്ച് നോക്കി നില്‍ക്കുകയല്ലാതെ തിരിച്ച് ഒന്നും പറയാന്‍ പറ്റുന്നില്ല. ലോക്കായെന്ന് മനസിലായി.
തിരിച്ചു വന്നാല്‍ നാണക്കേടായതുകൊണ്ട് അവിടെ ഓരോ തൊഴിലുകള്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം ഒരു മെഡിക്കല്‍ ഷോപ്പില്‍ സെയില്‍സ്മാനായി കയറി. ഭാഷ അറിയാത്തതുകൊണ്ട് ഉടമ എന്നെ ഒരുപാട് ചീത്ത പറഞ്ഞു.
അവസാനം എന്നെ കൗണ്ടറില്‍ നിന്ന് മാറ്റി കട തൂക്കാനും തുടയ്ക്കാനും ബോക്‌സുകള്‍ എടുത്തു വെക്കാനും ഏല്‍പ്പിച്ചു. എന്റെ അധോലോക നായകന്‍ സ്വപ്‌നമാന്നും അപ്പോഴും തകര്‍ന്നിട്ടില്ല. ഒരു അവസരം കിട്ടിയാല്‍ ചാടും എന്നൊരു പ്രതീക്ഷ ഉള്ളിലുണ്ടായിരുന്നു.
അങ്ങനെ അവിടെ വെച്ചാണ് സോമന്‍ എന്ന മലയാളിയെ പരിചയപ്പെടുന്നത്. എന്റെ അളിയന്റെ സുഹൃത്തിന്റെ അനിയനാണ് സോമന്‍. അവനും ജോലിക്കായി നാട്ടില്‍ നിന്ന് വന്നതാണ്. അവന്‍ കലാതിലകമായിരുന്നെന്നൊക്കെയുള്ള കാര്യം ഞാന്‍ അറിഞ്ഞു. മാത്രമല്ല അവിടെ മിമിക്രി പരിപാടികളൊക്കെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവനെ പോയി കണ്ടു. ഞങ്ങള്‍ പെട്ടെന്ന് സൗഹൃദത്തിലായി.
ദിനേഷ് പ്രഭാകര്‍
അങ്ങനെ അവിടുത്തെ സമാജത്തിന്റെ ഒരു പരിപാടിയില്‍ ഞാനും സോമനും കൂടി ചേര്‍ന്ന് മിമിക്രി അവതരിപ്പിച്ചു. അമിതാഭ് ബച്ചന്റെയൊക്കെ ഡയലോഗുകള്‍ അവതരിപ്പിച്ചത് അവിടെ ഭയങ്കര ഹിറ്റായി. അങ്ങനെ കലാപ്രവര്‍ത്തനം ഇതിന് ഇടയിലൂടെ നടക്കാന്‍ തുടങ്ങി.
അതോടെ ഞങ്ങള്‍ക്ക് ഒരു പേരായി. ഇതിനിടയില്‍ മെഡിക്കല്‍ ഷോപ്പിലെ ജോലി വിട്ട് ഒരു കൊറിയര്‍ കമ്പനിയില്‍ കൊറിയര്‍ ബോയിയായി ജോലി കിട്ടി. സോമന്റെ സഹായത്തോടെ കൂടുതല്‍ പരിപാടികളിലേക്ക് ഇന്‍വോള്‍വ് ആയിത്തുടങ്ങി.
അതോടെ പതുക്കെ ഈ അണ്ടര്‍വേള്‍ഡ് പരിപാടി പതുക്കെ ഒതുങ്ങി. ഇതിനിടെ ദാവൂദിന്റെ ആള്‍ക്കാര്‍ ചിലരെ വെടിവെച്ച് കൊന്നു എന്ന രീതിയിലുള്ള വാര്‍ത്തകളൊക്കെ കാണുമ്പോള്‍ അവിടെയൊക്കെ പോയി നോക്കിയിരുന്നു.
പല സ്ഥലത്തും പോയി. സിനിമകളില്‍ കണ്ടിട്ടുണ്ടല്ലോ. അവിടെ അണ്ടര്‍വേള്‍ഡ് എന്ന് പറയുന്ന ഒരു പ്രത്യേക സ്ഥലമൊന്നും ഇല്ലെന്നും അവര്‍ എല്ലായിടത്തും ഉണ്ടെന്നുമൊക്കെ അപ്പോഴാണ് മനസിലാകുന്നത്. അവര്‍ ആരാണെന്ന് പോലും ആര്‍ക്കും അറിയില്ല. വേറെ പരിപാടിയാണെന്ന് പിന്നെയാണ് മനസിലായത്. അങ്ങനെ ആ ധാരണയൊക്കെ മാറി. മാത്രമല്ല വെടികൊണ്ട് ചാവുന്നതിനേക്കാള്‍ നല്ലത് ഇതാണെന്ന് തോന്നി,’ ദിനേഷ് പ്രഭാകര്‍ പറഞ്ഞു.
Content Highlight: Watched Mohanlal’s Aryan movie and boarded a train to Bombay to join the underworld