| Thursday, 29th March 2018, 9:01 pm

അവിസ്മരണീയം; ലോങ്ഓഫില്‍ നിന്നും പറക്കും ക്യാച്ചുമായി ഹര്‍മീത്പ്രീത് കൗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ത്രിരാഷ്ട്ര പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അവിസ്മരണീയ ക്യാച്ചുമായി ഹര്‍മീത്പ്രീത് കൗര്‍. സ്വന്തം സ്‌കോര്‍ 102 ല്‍ എത്തിനില്‍ക്കെ അനുജയുടെ പന്തില്‍ ഹാസെല്‍ പറത്തിയെടിച്ച പന്തായിരുന്നു ഹര്‍മീത് പറന്നെടുത്തത്. ലോങ്ഓഫില്‍ നിന്ന് ഓടിയെത്തിയ ഹര്‍മീത് പറന്ന് കൊണ്ടാണ് ഒറ്റക്കയ്യില്‍ പന്ത് കൈപിടിയിലൊതുക്കിയത്.


 
മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത സമൃതി മന്ദാനയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനൂജ പട്ടീലിന്റെയും കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. മുംബൈയിലെ ബ്രബോര്‍ണെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലീഷ് പടയെ തോല്‍പ്പിച്ചത്.
 
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 107 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ടീം മത്സരത്തില്‍ നാല് ഓവറോളം ബാക്കി നില്‍ക്കെയാണ് ജയം കണ്ടത്. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 41 ബോളില്‍ നിന്ന് 62 റണ്‍സാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ് വുമണായ സ്മൃതി നേടിയത്.
 
ഇന്ത്യന്‍ ബോളര്‍മാരില്‍ അനുജ പാട്ടീല്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ രാധ യാദവ്, ദീപ്തി ശര്‍മ്മ, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യയ്ക്കും, ഇംഗ്ലണ്ടിനും പുറമേ ഓസ്ട്രേലിയ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യം കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ആതിഥേയര്‍ നേരത്തെ തന്നെ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ ജയം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.
 
 
 

We use cookies to give you the best possible experience. Learn more