| Saturday, 4th July 2026, 2:45 pm

അവനെ ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ല: വസിം ജാഫര്‍

സുദേവ് എ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് (ജൂലൈ നാല്) ഓള്‍ഡ് ട്രെഫോര്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ മുന്നിലെത്താനാവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

ഈ മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 15കാരന്‍ ടീമിലെത്തിയാല്‍ ആരായിരിക്കും പുറത്ത് പോകുകയെന്നതും ആകാംക്ഷയുണര്‍ത്തുന്നുണ്ട്.

ഇപ്പോള്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. താനായിരുന്നെങ്കില്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു വസിം ജാഫര്‍.

‘ഞാന്‍ ഇപ്പോള്‍ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തില്ല. സഞ്ജു സാംസണ് ഒരു അവസരം കൂടി നല്‍കും. ഈ മത്സരത്തിലും സഞ്ജു മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ മൂന്നാം ടി-20 മത്സരത്തിന് മുമ്പായി ടീമില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കും. വൈഭവിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. അതുകൊണ്ട് അവനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പലരും ആഗ്രഹിക്കും. എന്നാല്‍ അതിനായി ആരെയെങ്കിലും പുറത്തിരുത്തേണ്ടി വരും.

സഞ്ജുവിനെ ഇപ്പോള്‍ ഒഴിവാക്കുന്നത് എളുപ്പമല്ല. ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളായ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ മത്സരങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി റണ്‍സ് സ്‌കോര്‍ ചെയ്തു. അതിനാല്‍ അദ്ദേഹം ടൂര്‍ണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു,’ വസിം ജാഫര്‍ പറഞ്ഞു.

ടി – 20 ലോകകപ്പിന് ശേഷം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത താരം ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ വെറും ഒരു റണ്‍സാണ് നേടിയത്. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ ഒഴിവാക്കി വൈഭവിനെ ഓപ്പണറാക്കി ഇറക്കണമെന്ന ആവശ്യം ശക്തമാണ്. അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടീമിലുണ്ടെങ്കിലും 15കാരന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

Content Highlight: Wasim Jaffer talks about Vaibhav Suryavanshi chances of Indian playing eleven

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more