| Monday, 3rd August 2026, 2:03 pm

വൈഭവിനെയല്ല, വൈസ് ക്യാപ്റ്റനാക്കേണ്ടത് അവനെയാണ്: നിര്‍ദേശവുമായി വസീം ജാഫര്‍

സുദേവ് എ

2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെ നിയമിച്ചിരുന്നു. ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ ഓപ്പണറായും വൈസ് ക്യാപ്റ്റനുമായാണ് വൈഭവ് കളത്തിലിറങ്ങുക.

ഇപ്പോള്‍ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. അഭിമന്യു ഈശ്വരനെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് വസീം ജാഫര്‍ പറയുന്നത്. അഭിമന്യു ഏറെ പരിചയ സമ്പത്തുള്ള താരമാണെന്നും ബംഗാളിനെ മുമ്പ് നയിച്ചിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘വൈഭവിന്റെ കാഴ്ചപ്പാടില്‍ ഇത് ഒരു നല്ല പ്രോത്സാഹനമായിരിക്കും. അദ്ദേഹത്തിന് ഇതൊരു വലിയ അംഗീകാരവുമാണ്. എന്നാല്‍ അഭിമന്യു ഈശ്വരനും ടീമിലെ പ്രധാന താരമാണ്. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കുന്നതാണ് ശരിയായ തീരുമാനം.

ഇത് വലിയ വിവാദമാക്കേണ്ടതില്ല. ടീമിന്റെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. ടീമിനെ നയിക്കുന്നത് അദ്ദേഹമായിരിക്കും. എന്നാല്‍ മത്സര പരിചയവും ബംഗാളിനെ മുമ്പ് നയിക്കുകയും ചെയ്ത അഭിമന്യു ഈശ്വരനെ വൈസ് ക്യാപ്റ്റനാക്കുന്നത് ഉചിതയായ തീരുമാനമാവുമെന്ന് ഞാന്‍ കരുതുന്നു,’ വസീം ജാഫര്‍ പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ നിന്ന് 207 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. 17.25 ആവറേജില്‍ റണ്‍സ് സ്‌കേര്‍ ചെയ്ത വൈഭവ് റെഡ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയസമ്പന്നത നേടേണ്ട ഘട്ടത്തിലാണ് 15കാരനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.

അഭിമന്യു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നും 8381 റണ്‍സാണ് നേടിയിട്ടുള്ളത്. 36 അര്‍ധ സെഞ്ച്വറികളും 27 സെഞ്ച്വറികളും താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്.

2026 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ സ്‌ക്വാഡ്

അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്‌സ്വാള്‍, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിങ്, ശുഭ്രന്‍ശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), ഡെനിഷ് ദാസ്, അഭിജിത് സര്‍ക്കാര്‍.

സ്റ്റാന്‍ഡ് ബൈ

ആയുഷ് ലോഹറുക, ശ്രീദം പോള്‍, സാംബിത് എസ് ബറാല്‍, ശരണ്‍ദീപ് സിങ്, സ്വസ്തിക് സമല്‍.

Content Highlight: Wasim Jaffer talks about Vaibhav Suryavanshi being made vice captain of East Zone

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more