| Tuesday, 11th August 2026, 6:56 am

സ്വതന്ത്രമായി കളിക്കട്ടെ, അവനെ ക്യാപ്റ്റനാക്കാതിരിക്കുന്നതാണ് നല്ലത്: വസീം ജാഫര്‍

സുദേവ് എ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം രാഹുലിന്റെ ബാറ്റിങ് പ്രകടനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്നതിനെകുറിച്ചാണ് വസീം ജാഫര്‍ സംസാരിച്ചത്.

ക്യാപ്റ്റന്‍സി നല്‍കാതെ രാഹുലിനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചാല്‍ ഓരോ സീസണിലും 500-600 റണ്‍സ് നേടാന്‍ രാഹുലിന് സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്.

മികച്ച പ്രകടനങ്ങളിലൂടെ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ രാഹുലിന് സാധിക്കുമെന്നും വസീം ജാഫര്‍ വ്യക്തമാക്കി. ദൂരദര്‍ശനിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോയിലൂടെ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘രാഹുലിനെ ക്യാപ്റ്റനാക്കാതിരിക്കുന്നതാണ് നല്ലത്. സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചാല്‍ ഓരോ സീസണിലും 500-600 റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹം മികച്ച താരമാണ്. സ്വന്തം പ്രകടനങ്ങളിലൂടെ 2-3 മത്സരങ്ങള്‍ വിജയിപ്പിക്കാനും രാഹുലിന് കഴിയും. രാഹുലിന്റെ വ്യക്തിത്വം നോക്കുകയാണെങ്കില്‍ ക്യാപ്റ്റന്‍സി അദ്ദേഹത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ വസീം ജാഫര്‍ പറഞ്ഞു.

സമീപകാലങ്ങളില്‍ ഇന്ത്യക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2025-27 വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് സൈക്കിളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും രാഹുല്‍ തന്നെയാണ്.

കെ.എൽ രാഹുൽ

നിലവില്‍ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രാഹുലും ഇന്ത്യയും പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19വരെ ഗല്ലെയിലാണ് നടക്കുന്നത്.

രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്.

അതേസമയം ഈ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒന്നാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സിനും ഡിക്ലയര്‍ ചെയ്തു. നിര്‍ണായകമായ രണ്ടാം ഇന്നിങ്സില്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 ഡിക്ലയര്‍ ചെയ്തെങ്കിലും രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Wasim Jaffer talks about Indian wicket keeper K.L Rahul

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more