| Tuesday, 30th June 2026, 8:29 pm

ഇപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത് ആ റോളാണ്; നിര്‍ദേശവുമായി വസീം ജാഫര്‍

ശ്രീരാഗ് പാറക്കല്‍

അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നിര്‍ദേശവുമായി മുന്‍ താരം വസീം ജാഫര്‍. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരാളുടെ റോളാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും സൂര്യാന്‍ഷ് ഷെഡ്‌ജെയ്ക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ആ റോള്‍ ഏറ്റെടുക്കാന്‍ നിലവില്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല പേസര്‍മാരും ബാറ്റര്‍മാരും അധിക ഉത്തരവാദിത്തത്തോടെ കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ ന്യൂ ബോള്‍ എറിയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കുറഞ്ഞത് മൂന്ന് ഓവറെങ്കിലും അദ്ദേഹം എറിയും. അതോടൊപ്പം ഫിനിഷറെന്ന നിലയിലും നിര്‍ണായക പങ്ക് വഹിക്കും. ഇപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത് ആ റോളാണ്.

സൂര്യാന്‍ഷിനെ ടീമില്‍ കളിപ്പിക്കുന്നുണ്ട്. പക്ഷേ ഈ ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് ഓവര്‍ വരെ എറിയാനുള്ള കഴിവ് അദ്ദേഹത്തിനില്ല. നിതീഷ് കുമാര്‍ റെഡ്ഡിയുടെ കാര്യവും അതുപോലെയാണ്. ഇപ്പോള്‍ ആ നിലവാരത്തിലേക്ക് ഇരുവരും എത്തിയിട്ടില്ല. അതിനാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ തീര്‍ച്ചയായും ബാധിക്കുന്നുണ്ട്.

എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. അതോടൊപ്പം ബാറ്റര്‍മാരും അധിക ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത് എതിരാളികളെ മറികടക്കേണ്ടിവരും,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെ (ജൂലൈ 5) തുടക്കമാകും. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്.

ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ സീരിസ് കൈവിട്ടത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

Content Highlight: Wasim Jaffer Talking Indian Team After Lose Against Ireland

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more