രാജസ്ഥാന് റോയല്‍സിന്റെ വിന്‍ഡീസ് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അയക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ബാറ്റിങ് ഓര്‍ഡറില്‍ കുറച്ച് മുകളില്‍ ഇറങ്ങണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വസീം പറഞ്ഞു.
റിയാന്‍ പരാഗിന് റണ്‍സ് ലഭിക്കുന്നില്ലെങ്കില്‍, അദ്ദേഹം ഓര്‍ഡറില്‍ നിന്ന് താഴേക്ക് പോകണം. മികച്ച ഫോമിലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഹെറ്റ്‌മെയര്‍ വളരെ അപകടകാരിയായ കളിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ബാറ്റിങ് ഓര്‍ഡറില്‍ കുറച്ച് മുകളില്‍ ഇറങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റിയാന്‍ പരാഗിന് റണ്‍സ് ലഭിക്കുന്നില്ലെങ്കില്‍, അദ്ദേഹം ഓര്‍ഡറില്‍ നിന്ന് താഴേക്ക് പോകണം. മികച്ച ഫോമിലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം.
അതിനാല്‍ രാജസ്ഥാന് ഈ മാറ്റം വരുത്താം. ഹെറ്റ്‌മെയര്‍ വളരെ അപകടകാരിയായ കളിക്കാരനാണ്, നിങ്ങള്‍ അദ്ദേഹത്തെ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ കളിപ്പിച്ച് മതിയായ സമയം നല്‍കിയാല്‍, അദ്ദേഹം വളരെ വിനാശകാരിയാകും,’ വസീം ജാഫര്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സം. ലഖ്‌നൗവിനെതിരെ വിജയം സ്വന്തമാക്കി 10 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനാണ് റിയാന്‍ പരാഗിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.
ടീമിന് വേണ്ടി ഇതുവരെ തിളങ്ങാന്‍ ഹെറ്റിക്ക് സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് 18 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 39 റണ്‍സ് മാത്രമാണ് മിഡില്‍ ഓര്‍ഡര്‍ താരത്തിന് നേടാന്‍ സാധിച്ചത്. 13.00 ആവറേജും 114.71 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. സീസണില്‍ ഇതുവരെ രണ്ട് സിക്‌സും ഒരു ഫോറും മാത്രമാണ് ഹെറ്റി നേടിയത്.
അതേസമയം ഐ.പി.എല്ലില്‍ 91 മത്സരങ്ങളില്‍ നിന്ന് 1521 റണ്‍സാണ് താരം സ്വന്തമാക്കിയത്. 28.17 ആവറേജും 150.59 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്.
ടീമിന് സൂപ്പര്‍ ഓപ്പണിങ് ഉണ്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ പരാജയമായിരുന്നു ടീം ഏറ്റുവാങ്ങിയത്.
അതേസമയം ഐ.പി.എല്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തുള്ള ലഖ്‌നൗവിന് വിജയം അനിവാര്യമാണ്. നിലിവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റ് ടീമിനുള്ളത്.
Content Highlight: Wasim Jaffer Talking About Shimron Hetmyer