| Saturday, 18th April 2026, 1:49 pm

ടീമില്‍ രോഹിത് ശര്‍മയുണ്ടെന്ന് മറക്കരുത്... മുംബൈക്ക് നിര്‍ദേശവുമായി വസീം ജാഫര്‍

ശ്രീരാഗ് പാറക്കല്‍

മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മയെ എന്തുകൊണ്ട് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചുകൂടാ എന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രോഹിത് ഇപ്പോഴും ടീമിലുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വിജയിച്ച ക്യാപ്റ്റനാണെന്നും ജാഫര്‍ പറഞ്ഞു. രോഹിത് ശര്‍മ വീണ്ടും ക്യാപ്റ്റനായാല്‍ മുംബൈയെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നുവെന്നും അതൊരു വൈകാരിക തീരുമാനമായിരിക്കുമെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.

‘ടീമില്‍ രോഹിത് ശര്‍മയുണ്ടെന്ന് മറക്കരുത്… ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, എം.എസ്. ധോണി കളിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം ക്യാപ്റ്റനായിരിക്കണം. അതുപോലെ, രോഹിത് ശര്‍മ കളിക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് അദ്ദേഹത്തെ ക്യാപ്റ്റനാക്കിക്കൂടാ? അദ്ദേഹം വിജയിച്ച ക്യാപ്റ്റനാണ്, അദ്ദേഹം ബഹുമാനം നേടുന്നു, കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ചത് അദ്ദേഹത്തിന് ലഭിക്കുന്നു.

വസീം ജാഫര്‍

രോഹിത് ശര്‍മ വീണ്ടും ക്യാപ്റ്റനായാല്‍, മുംബൈയെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അതൊരു വൈകാരിക തീരുമാനമായിരിക്കും, ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്. 2013ല്‍, ശര്‍മയെ ക്യാപ്റ്റനാക്കിയപ്പോള്‍, മുംബൈ ഇന്ത്യന്‍സ് അവരുടെ ആദ്യ ട്രോഫി നേടി. അന്ന് റിക്കി പോണ്ടിങ് സീസണിന്റെ മധ്യത്തില്‍ സ്ഥാനമൊഴിഞ്ഞു.

അതിനാല്‍ ഇത് ഒരു വിജയ സാഹചര്യമൊരുക്കുമെന്ന് ഞാന്‍ കരുതുന്നു. രോഹിത് ശര്‍മയെ വീണ്ടും ക്യാപ്റ്റനാക്കിയാല്‍, ആളുകള്‍ ഈ തീരുമാനം ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു. പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് പറഞ്ഞാല്‍, അവര്‍ അത് ശരിക്കും വിലമതിക്കുമെന്ന് ഞാന്‍ കരുതുന്നു,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അഞ്ച് തവണ മുംബൈക്ക് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത താരമാണ് രോഹിത് ശര്‍മ. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങളിലും പരാജയമാണ് മുംബൈക്കുള്ളത്. രോഹിത്തില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്‍സി നല്‍കിയ ശേഷം ടീമിന് ഒരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല.രോഹിത്തും ഹര്‍ദിക്കും

അതേസമയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയക്കൊടി പാറിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

Content Highlight: Wasim Jaffer Talking About Rohit Sharma And Hardik Pandya

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more