| Friday, 29th May 2026, 7:55 am

അവനെ വിട്ടയച്ചാല്‍ രാജസ്ഥാന്‍ റോയല്‍സ് വിഡ്ഢികളാകും; തുറന്നടിച്ച് വസീം ജാഫര്‍

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍ ഭാവിയില്‍ നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വൈഭവിനെ വിട്ടയച്ചാല്‍ രാജസ്ഥാന്‍ വിഡ്ഢികളാകുമെന്നും അദ്ദേഹം പറഞ്ഞു. റണ്‍സ് നേടാന്‍ സാധിക്കാത്ത സീസണ്‍ വൈഭവിന് ഉണ്ടായേക്കാമെന്നും പക്ഷെ വിട്ടുനല്‍കരുതെന്നും വസീം രാജസ്ഥാന് മുന്നറിയിപ്പ് നല്‍കി.

‘ഈ പയ്യനെ വിട്ടയച്ചാല്‍ രാജസ്ഥാന്‍ റോയല്‍ വിഡ്ഢികളാകും. ചിലപ്പോള്‍ റണ്‍സ് നേടാന്‍ കഴിയാത്ത ഏതെങ്കിലും സീസണ്‍ ഭാവിയില്‍ അവന് (വൈഭവ് സൂര്യവംശി) ഉണ്ടായേക്കും. അത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. പക്ഷെ അവന്‍ എത്തരത്തിലുള്ള താരമാണെന്ന് ഇതിനോടകം തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാവിയാണവന്‍, അവനെ വിട്ടുനല്‍കരുത്. വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.വൈഭവ് സൂര്യവംശി

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക. നിര്‍ണായക മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

എലിമിനേറ്ററില്‍ ഓറഞ്ച് ആര്‍മിക്കെതിരെ 29 പന്തില്‍ 97 റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ പല റെക്കോഡുകളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ക്രിസ് ഗെയ്‌ലിനെ മറികടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 2012ല്‍ ഗെയ്ല്‍ നേടിയ 59 സിക്‌സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2026ല്‍ 65 സിക്‌സറുളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

സീസണില്‍ 15 ഇന്നിങ്‌സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2025ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് നിലവില്‍ 22 മത്സരത്തില്‍ നിന്ന് 932 റണ്‍സാണ് ഇതുവരെ നേടിയത്. 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ രണ്ട് സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ച് അര്‍ധ സെഞ്ച്വറിയും വൈഭവിനുണ്ട്.

Content Highlight: Wasim Jaffer Talking About Rajasthan Royals And Super Player Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more