ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെക്കുറിച്ച് മുന്‍ താരം വസീം ജാഫര്‍. ഐ.പി.എല്ലില്‍ വൈഭവ് നടത്തിയ പ്രകടനങ്ങള്‍ മികച്ചതായിരുന്നെങ്കിലും നടത്തിയ പ്രകടനം മികച്ചതായിരുന്നു. പക്ഷേ ഇപ്പോള്‍ വൈഭവ് പുരുഷ വിഭാഗത്തിലെ ഉയര്‍ന്ന വിഭാഗത്തിലാണ് കളിക്കുന്നതെന്നും സ്ഥിരതയുള്ള മികച്ച പ്രകടനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ നിങ്ങള്‍ ഐ.പി.എല്ലിലല്ല കളിക്കുന്നത്. വൈഭവ് ഇപ്പോള്‍ ഇന്ത്യയ്ക്കും ഇന്ത്യ എയ്ക്കും വേണ്ടി കളിക്കുന്നു, അതിനാല്‍ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കണം. ഐ.പി.എല്ലില്‍ അദ്ദേഹം നടത്തിയ പ്രകടനം മികച്ചതായിരുന്നു.
പക്ഷേ ഇപ്പോള്‍ വൈഭവ് പുരുഷ വിഭാഗത്തിലെ ഉയര്‍ന്ന വിഭാഗത്തിലാണ് കളിക്കുന്നത്. അവന് ഇപ്പോള്‍ പ്രായപരിധി വിഭാഗത്തിന് പുറത്താണ്. ഇപ്പോഴാണ് അവന് പ്രകടനം ആരംഭിക്കേണ്ടത്. ഇതൊരു വ്യത്യസ്തമായ ഫോര്‍മാറ്റാണ്. ഇത് ടി-20 അല്ല. ഇപ്പോള്‍ ആളുകള്‍ അദ്ദേഹത്തില്‍ കണ്ണുവെച്ചിരിക്കുന്നതിനാല് അദ്ദേഹം സ്ഥിരതയാര്‍ന്ന സ്കോര്‍ നേടാന്‍ ശ്രമിക്കണം,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2026ലെ എ.സി.സി മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീമിനായി ഇതുവരെ രണ്ട് മത്സരങ്ങളാണ് വൈഭവ് കളിച്ചത്. രണ്ട് മത്സരത്തില്‍ നിന്ന് ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങിയ വൈഭവ് 37 റണ്‍സാണ് നേടിയത്. രണ്ട് ഇന്നിങ്സുകളില്‍നിന്നായി 18.50 ശരാശരിയും 82.22 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. നേപ്പാളിനെതിരെ 32 പന്തില്‍ 26 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്കോര്‍. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ 11 റണ്‍സും നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഫോറും ഒരു സികസറുമാണ് വൈഭവിന്റെ ബാറ്റില്‍നിന്ന് പിറന്നത്.
അതേസമയം ടൂര്‍ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന് എയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് പാകിസ്ഥാന് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് എ 49.2 ഓവറില്‍ 313 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 49.1 ഓവറില്‍ 265 റണ്‍സിന് പുറത്താകുകയായിരുന്നു. നിലവില്‍ യു.എ.ഇയുമായുള്ള ഇന്ത്യയുടെ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlight: Wasim Jaffer Talking About India Young Player Vaibhav Sooryavanshi