| Monday, 17th November 2025, 3:18 pm

ന്യൂസിലാന്‍ഡ് പരമ്പരയില്‍ നിന്ന് നമ്മള്‍ ഒന്നും പഠിച്ചില്ല; വിമര്‍ശനവുമായി വസീം ജാഫര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ഇന്ത്യ ഒരുക്കിയ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നു. എന്നാല്‍ പ്രോട്ടിയാസ് ബൗളിങ്ങില്‍ അധികം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഇതോടെ പല മുന്‍ താരങ്ങളും കൊല്‍ക്കത്തയിലെ പിച്ചിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും ഇന്ത്യ ഒരുക്കിയ പിച്ചിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ന്യൂസിലാന്‍ഡ് പരമ്പരയിലും ഇന്ത്യ സമാനമായ പിച്ച് ഒരുക്കി പരമ്പര തോല്‍വി വഴങ്ങിയതില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്ന് ജാഫര്‍ പറഞ്ഞു.

മാത്രമല്ല അത്തരത്തിലുള്ള പിച്ചില്‍ എതിര്‍ സ്പിന്നര്‍മാരും ഇന്ത്യന്‍ സ്പിന്നര്‍മാരും തമ്മില്‍ വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി. കൂടാതെ വിരാട് ക്യാപ്റ്റനായിരുന്നപ്പോള്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉപയോഗിച്ചതുപോലെ ക്ലാസിക് ഇന്ത്യന്‍ പിച്ചുകളിലേക്ക് നമ്മള്‍ മടങ്ങേണ്ടതുണ്ടെന്നും ജാഫര്‍ പറഞ്ഞു.

‘ന്യൂസിലാന്‍ഡ് പരമ്പരയിലെ തോല്‍വിയില്‍ നിന്ന് നമ്മള്‍ ഒരു പാഠം പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇതുപോലുള്ള പിച്ചുകളില്‍ നമ്മുടെ സ്പിന്നര്‍മാരും എതിര്‍ സ്പിന്നര്‍മാരും തമ്മിലുള്ള അന്തരം കുറയുന്നു. 2016-17 സീസണില്‍ വിരാട് ക്യാപ്റ്റനായിരുന്നപ്പോള്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉപയോഗിച്ചതുപോലെ ക്ലാസിക് ഇന്ത്യന്‍ പിച്ചുകളിലേക്ക് നമ്മള്‍ മടങ്ങേണ്ടതുണ്ട്,’ വസീം ജാഫര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം നിലവില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് ഹോം ടെസ്റ്റുകളില്‍ ഇന്ത്യ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയം കണ്ടത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവരോടാണ് ഇന്ത്യ സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം ഇന്ത്യയുടെ റെഡ് ബോള്‍ ഫോര്‍മാറ്റ് വലിയ ചോദ്യചിഹ്നത്തിലാണ്.

Content Highlight: Wasim Jaffer Talking About India’s Lose Against South Africa

We use cookies to give you the best possible experience. Learn more