ശ്രീലങ്ക എയും ഇന്ത്യ എയും തമ്മിലുള്ള മത്സരത്തിനിടയില്‍ വൈഭവ് സൂര്യവംശിയും ലങ്കന്‍ താരവും കൊമ്പുകോര്‍ത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
നടന്ന സംഭവത്തില്‍ നിന്ന് വൈഭവ് പഠിക്കണമെന്നും അത്തരം സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുകയോ ഒരിക്കലും ശാരീരികമായി ഏറ്റുമുട്ടുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. വൈഭവ് തന്റെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണമെന്നും ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.
വൈഭവും ലങ്കന്‍ താരവും തകര്‍ക്കിക്കുന്നത്
‘വൈഭവ് ഈ സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ വലിയ ഹൈപ്പാണ് അവനുള്ളത്. അവന്‍ ഒരു മികച്ച പേര് നേടിയെടുത്തതിനാല്‍ തന്നെ എതിരാളികള്‍ അവനെ പ്രകോപിപ്പിക്കാനും സമ്മര്‍ദത്തിലാക്കാനും ശ്രമിക്കും.
അത്തരം സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുകയോ ഒരിക്കലും ശാരീരികമായി ഏറ്റുമുട്ടുകയോ ചെയ്യരുത്. ഇതിന് കാരണമായത് അവന്റെ മാത്രം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. ഒരുപക്ഷേ ചില ശ്രീലങ്കന്‍ താരങ്ങള്‍ അവനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ എന്ത് സാഹചര്യമായാലും ശാരീരികമായി പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവന്‍ മനസിലാക്കണം.
അവന്‍ തന്റെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കരുത്. തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയാന്‍ അവന്‍ ഇടം നേടരുത്. നിരവധി യുവതാരങ്ങള്‍ക്ക് അവന്‍ ഒരു മാതൃകയാണ്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അവന്‍ കാര്യങ്ങള്‍ പഠിക്കുകയും കൂടുതല്‍ പക്വത നേടുകയും ചെയ്യും,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിന് ഒടുവില്‍ ഇന്ത്യ എക്കെതിരെ സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക എ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ കുഗാതാസ് മാതുലന്‍ എറിഞ്ഞ വൈഡ് യോര്‍ക്കറില്‍ വൈഭവിന് റണ്‍സ് കണ്ടെത്താനായില്ല. ഇന്ത്യയുടെ ഇന്നിങ്സ് ഒമ്പത് റണ്‍സില്‍ അവസാനിച്ചതോടെ ശ്രീലങ്ക ഏഴ് റണ്‍സിന്റെ ആവേശവിജയം സ്വന്തമാക്കി.
എന്നാല്‍ മത്സരം കഴിഞ്ഞതിന് ശേഷം ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. വിജയാഘോഷത്തിനിടെ ലങ്കന്‍ താരം വിഷന്‍ ഹലംബാഗെ 15 വയസുകാരനായ വൈഭവിന് സമീപമെത്തി ആവേശപ്രകടനം നടത്തിയതോടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
Content Highlight: Wasim Jaffer Talking About Fighr Between Vaibhav sooryavanshi And Sri Lankan Player