| Tuesday, 13th October 2026, 7:15 am

ഇത് വളരെയധികം റിസക് എടുക്കേണ്ട കളിയാണ്; സഞ്ജുവിന് പിന്തുണയുമായി വസീം ജാഫര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ വസീം ജാഫര്‍. ടി-20 ഫോര്‍മാറ്റില്‍ സ്ഥിരതയോടെ റണ്‍സ് നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സഞ്ജു സാംസണ്‍ ഇക്കാര്യം നന്നായി മനസിലാക്കുന്ന കളിക്കാരനാണെന്നും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഷോട്ട് കൃത്യമായി ടൈം ചെയ്യാന്‍ സാധിക്കാത്തതാണ് സഞ്ജുവിന്റെ പുറത്താകലിന് കാരണമെന്നും എന്നാല്‍ സഞ്ജു മികച്ച ക്ലാസ് ഉള്ള കളിക്കാരനാണെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഫോമില്‍ ആയാല്‍ മത്സരങ്ങള്‍ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

‘ടി-20 ഫോര്‍മാറ്റ് ഏകദിന ക്രിക്കറ്റോ ടെസ്റ്റ് മത്സരങ്ങളോ പോലെയല്ല, ഈ ഫോര്‍മാറ്റില്‍ സ്ഥിരതയോടെ റണ്‍സ് നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, ഇത് വളരെയധികം റിസക് എടുക്കേണ്ട കളിയാണ്. ഒരുപാട് ഷോട്ടുകള്‍ കളിക്കേണ്ടിവരുന്നതിനാല്‍ സ്ഥിരത നിലനിര്‍ത്തുക വളരെ പ്രയാസമാണ്.

സഞ്ജു സാംസൺ

സഞ്ജു സാംസണ്‍ ഇക്കാര്യം നന്നായി മനസിലാക്കുന്ന കളിക്കാരനാണ്. ഇന്നലെ (ഞായര്‍) യഥാര്‍ത്ഥത്തില്‍ ഒരു ഷോട്ട് കൃത്യമായി ടൈം ചെയ്യാന്‍ കഴിയാതിരുന്നതാണ് അദ്ദേഹത്തിന്റെ പുറത്താകലിന് കാരണമായത്. എന്നാല്‍ സഞ്ജു സാംസണ്‍ മികച്ച ക്ലാസുള്ള ഒരു കളിക്കാരനാണ്.

ഇന്ത്യയുടെ ടി-20 ടീമിനെ ഇത്രത്തോളം ശക്തമാക്കുന്നതില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും വലിയ പങ്കുവഹിക്കുന്നുണ്ട്. 220, 240, അല്ലെങ്കില്‍ 250 റണ്‍സ് വരെ സ്‌കോര്‍ ചെയ്യാന്‍ ടീമിന് അടിത്തറ ഒരുക്കുന്നത് ഇവരാണ്.

സഞ്ജു സാംസണ്‍ ഇക്കാര്യം മനസിലാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ സ്ഥിരതയോടെ റണ്‍സ് നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമ്മളും മനസിലാക്കണം. എന്നിരുന്നാലും, സഞ്ജു സാംസണ്‍ ഫോമിലായാല്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു സഞ്ജു മടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ 82 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.

Content Highlight: Wasim Jaffer Supports Indian Opener Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more