| Thursday, 17th September 2026, 5:55 pm

അവരിലൊരാള്‍ക്ക് വിശ്രമം നല്‍കണം; സഞ്ജുവിന് മൂന്നാം നമ്പറില്‍ കളിക്കാനാകും; നിര്‍ദേശവുമായി വസീം ജാഫര്‍

അഞ്ജലി പി.കെ.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി-20 മത്സര പരമ്പരയില്‍ അഭിഷേക് ശര്‍മയ്‌ക്കോ ഇഷാന്‍ കിഷനോ വിശ്രമം നല്‍കുന്നത് പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ടീം നിലവില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് 20ന് പരമ്പര സ്വന്തമാക്കിയിരിക്കെയാണ് മുന്‍ താരത്തിന്റെ ഇത്തരമൊരു നിര്‍ദേശം.

തന്റെ യൂട്യൂബ് ചാനലിലെ വിഡിയോയിലൂടെയാണ് താരം ഇത്തരമൊരുകാര്യം മുന്നോട്ടുവെച്ചത്.

പരമ്പര വിജയത്തെ ബാധിക്കാത്ത മത്സരമായതിനാല്‍ വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും മുന്‍ ക്രിക്കറ്റ് താരം അഭിപ്രായപ്പെട്ടു. കിഷന് വിശ്രമം നല്‍കിയാല്‍ സൂര്യവംശിക്ക് ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുമെന്നും, അഭിഷേകിനോ സഞ്ജു സാംസണിനോ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈഭവിനെ കളിപ്പിക്കുന്നത് ഒരു മോശം ഓപ്ഷനല്ല. എന്റെ അഭിപ്രായത്തില്‍, രണ്ട് മത്സരങ്ങളിലും അഭിഷേക് മികച്ച പ്രകടനം കാഴ്ചവച്ചു. ഇഷാന്‍ കിഷനും അങ്ങനെ തന്നെ. ദുലീപ് ട്രോഫിയിലും ഇഷാന്‍ കിഷന്‍ കളിച്ചു. അതിനാല്‍, നിങ്ങള്‍ക്ക് ഇഷാന്‍ കിഷന് ഒരു ഇടവേള നല്‍കാം.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

വൈഭവിന് ബാറ്റിങ് ഓപ്പണ്‍ ചെയ്യാം, അഭിഷേക്, സഞ്ജു എന്നിവരില്‍ ഒരാള്‍ക്ക് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ അഭിഷേകിന് ഒരു ഇടവേള നല്‍കാം,’ ജാഫര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെ മികച്ചരീതിയില്‍ ശക്തിപ്പെടുത്തിയെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു .

‘ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുംറ തിരിച്ചെത്തിയിരിക്കുന്നു. ബുംറ താളംകണ്ടെത്തുമ്പോള്‍, അത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. പ്രധാനപ്പെട്ട ഓവറുകള്‍ എറിയുന്ന അദ്ദേഹം നമ്മുടെ ഇന്ത്യന്‍ ബൗളിങ്ങിന്റെ അത്ഭുതകരമായ ഒരു എക്‌സ്ഫാക്ടറാണ്,’ ജാഫര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് 6 .37 എന്ന ഇക്കണോമിക് റേറ്റില്‍ ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിട്ടുണ്ട്.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി-20 മൂന്ന് പരമ്പരയ്ക്ക് ഇന്ന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തോടെ തിരശ്ശീല വീഴും. പരമ്പര ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍ അവസാന മത്സരത്തിലെ ടീമിന്റെ പ്രകടനമാകും ഇനി ശ്രദ്ധേയമാകുക.

Content highlight: Wasim Jaffer suggests that either Abhishek Sharma or Ishan Kishan could be rested for the third match between India and Afghanistan.

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more