യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ധൃതിയിലായിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വൈഭവിനെക്കുറിച്ച് വലിയ ഹൈപ്പുണ്ടായിരുന്നുവെന്നും അതില്‍ പെട്ട പോയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഞ്ജു സാംസണിനെ തന്നെ ഓപ്പണറായി നിലനിര്‍ത്തണമായിരുന്നുവെന്നും വൈഭവ് തന്റെ അവസരത്തിനായി കാത്തിരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.
വസീം ജാഫർ. Photo: CricketGully/x.com
‘വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വളരെ ധൃതിയിലായിപ്പോയി. അവനെ കുറിച്ച് മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ഹൈപ്പ് ഉണ്ടായിരുന്നു. അവന്‍ കളിക്കുന്നത് കാണാന്‍ പൊതുജനങ്ങളും വളരെ ആവേശത്തിലായിരുന്നു. അല്ലെങ്കില്‍, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സഞ്ജു സാംസണെ തന്നെ ഞാന്‍ നിലനിര്‍ത്തുമായിരുന്നു. ആ കോമ്പിനേഷനില്‍ ഞാന്‍ മാറ്റം വരുത്തുമായിരുന്നില്ല.
വൈഭവ് തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടതായിരുന്നു. അവസരം ലഭിക്കുമ്പോള്‍ അത് ശരിയായി ഉപയോഗിക്കാനും അവന് സാധിക്കുമായിരുന്നു. അവനിപ്പോഴും വളരെ ചെറുപ്പമാണ്. ടീമിനൊപ്പം സമയം ചെലവഴിച്ചും പുറത്തുനിന്ന് ക്രിക്കറ്റ് കണ്ടും അവന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. മാധ്യമങ്ങളുടെ അമിതമായ പ്രചാരണത്തില്‍ നമ്മള്‍ പെട്ടുപോയതുപോലെയാണ് എനിക്ക് തോന്നിയത്.
വൈഭവ് കളിക്കാതിരിക്കുന്ന ഓരോ തവണയും അതിനെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. അവന്‍ കുറച്ചുനാള്‍ കാത്തിരിക്കണമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സഞ്ജു ഫോമിലല്ല അല്ലെങ്കില്‍ നന്നായി കളിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് പൂര്‍ണമായും ഉറപ്പായിരുന്നെങ്കില്‍ മാത്രം ആ തീരുമാനമെടുക്കാമായിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍, വൈഭവിനെ ടീമിലേക്ക് തിരക്കിട്ട് കൊണ്ടുവന്നതുപോലെയാണ് തോന്നിയത്,’ വസീം ജാഫര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി – 20യിലാണ് വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, താരത്തിന് പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 42 റണ്‍സാണ് 15കാരന്റെ സമ്പാദ്യം.
Content Highlight: Wasim Jaffer says Vaibhav Sooryavanshi’s inclusion is rushed due to media hype and public emotion