| Sunday, 5th July 2026, 3:31 pm

അവനെ ടീമിലെടുത്തത് അടുത്ത ലോകകപ്പ് ലക്ഷ്യം വെച്ച്: വസിം ജാഫര്‍

ഫസീഹ പി.സി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20യില്‍ യുവതാരം രവി ബിഷ്ണോയിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും നേടാതെ 60 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിന് പിന്നാലെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇപ്പോള്‍ ബിഷ്ണോയിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ഇന്ത്യയ്ക്ക് മികച്ച ബൗളിങ് ഓപ്ഷനുണ്ടെങ്കിലും അടുത്ത ലോകകപ്പ് ലക്ഷ്യമാക്കിയാണ് സെലക്ടര്‍മാര്‍ രവി ബിഷ്ണോയിയെ തെരഞ്ഞെടുത്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഷ്ണോയി ഒരു മികച്ച ബൗളറാണെന്നും എന്നാല്‍ താരത്തിന്റെ ബൗളിങ്ങില്‍ കുറച്ചുകൂടി വൈവിധ്യം കൊണ്ടുവരണമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസിം ജാഫര്‍.

‘ഐ.പി.എല്ലിലേക്ക് നോക്കിയാല്‍ ഇന്ത്യയ്ക്ക് മികച്ച ബൗളിങ് ഓപ്ഷനുകള്‍ ധാരാളമുണ്ട്. കുല്‍ദീപ് യാദവ് നിലവില്‍ ഈ ടീമിലില്ല. സണ്‍റൈസേഴ്സിനായി ശിവാങ് കുമാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് നമ്മള്‍ കണ്ടതാണ്. അതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാണ്. ഇന്ത്യയ്ക്ക് ഓപ്ഷനുകളില്ലാത്ത അവസ്ഥയൊന്നുമില്ല.

അടുത്ത ലോകകപ്പ് ലക്ഷ്യമാക്കിയാണ് സെലക്ടര്‍മാര്‍ രവി ബിഷ്ണോയിയെ തെരഞ്ഞെടുത്തതെന്ന് ഞാന്‍ കരുതുന്നു. യുവതാരങ്ങളെ പിന്തുണക്കുകയും, അവര്‍ക്ക് അവസരങ്ങള്‍ നല്‍കി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കഴിയുമോ എന്നും അവരെ ചുറ്റിപ്പറ്റി ടീമിനെ കെട്ടിപ്പടുക്കാന്‍ സാധിക്കുമോ എന്നും പരിശോധിക്കുകയാണ് വേണ്ടത്.

അവസാന തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണ്. ബിഷ്ണോയി ഒരു മികച്ച ബൗളറാണ്. എന്നാല്‍ അവന്റെ ബൗളിങ്ങില്‍ കുറച്ചുകൂടി വൈവിധ്യം കൊണ്ടുവരണമെന്നാണ് എനിക്ക് തോന്നുന്നത്,’ വസിം ജാഫര്‍ പറഞ്ഞു.

അതേസമയം, രണ്ടാം ടി – 20യില്‍ ഇന്ത്യ തോല്‍വി വഴങ്ങി. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇതോടെ രണ്ട് ടി – 20കള്‍ അവസാനിക്കുമ്പോള്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി.

Content Highlight: Wasim Jaffer says that Selectors have picked Ravi Bishnoi with the next World Cup in mind

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more