| Saturday, 1st August 2026, 3:06 pm

അവന്‍ സുന്ദറിനെക്കാള്‍ മികച്ച ബൗളര്‍; അരങ്ങേറ്റം കാത്തിരിക്കുന്നവനെ കുറിച്ച് വസീം ജാഫര്‍

ആദർശ് എം.കെ.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ശുഭ്മന്‍ ഗില്ലും സംഘവും മരതക ദ്വീപിലെത്തി കളിക്കുക.

പരമ്പരയില്‍ ഇന്ത്യന്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന സാരാന്‍ഷ് ജെയ്‌നിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫര്‍.

വസീം ജാഫര്‍.

സാരാന്‍ഷ് ജെയ്ന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെക്കാള്‍ മികച്ച ബൗളറാണ് എന്നാണ് അഭിപ്രായപ്പെട്ടത്. വാഷിങ്ടണ്‍ സുന്ദറിന്റെ പരിക്കിന് പിന്നാലെയാണ് മധ്യപ്രദേശ് ബൗളര്‍ക്ക് പരമ്പരയ്ക്കുള്ള സ്‌ക്വാഡിലേക്ക് വിളിയെത്തിയത്.

ഇന്ത്യന്‍ യൂണിറ്റില്‍ ഒരു ഓഫ് സ്പിന്നറുടെ അഭാവമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് താരങ്ങളെയും പരിഗണിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റിങ്ങില്‍ മികച്ചുനില്‍ക്കുന്നുവെന്നും, സാരാന്‍ഷിനാണ് ബൗളിങ്ങില്‍ അപ്പര്‍ഹാന്‍ഡെന്നും 48കാരന്‍ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.

വാഷിങ്ടണ്‍ സുന്ദര്‍. Photo: BCCI/x.com

‘ശ്രീലങ്കയ്ക്ക് ചില മികച്ച ഇടംകയ്യന്‍ താരങ്ങളുണ്ട്, അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കൊപ്പം ഒരു പ്രോപ്പര്‍ ഓഫ് സ്പിന്നര്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വാഷിങ്ടണ്‍ സുന്ദര്‍ നിലവില്‍ കളിക്കാന്‍ ഫിറ്റല്ല. എന്നാല്‍ അവനാണ് (സാരാന്‍ഷ് ജെയ്ന്‍) സുന്ദറിനേക്കാള്‍ മികച്ച ബൗളര്‍.

വാഷിങ്ടണ്‍ സുന്ദര്‍ അവനേക്കാള്‍ മികച്ച ബാറ്റര്‍ ആയിരിക്കാം, എന്നാല്‍ ഒരു ബൗളര്‍ എന്ന നിലയില്‍ സാരാന്‍ഷാണ് മികച്ചുനില്‍ക്കുന്നത്. സെലക്ടര്‍മാര്‍ പ്രായം പരിഗണിക്കാതെ മെറിറ്റ് മാത്രം പരിഗണിച്ച് അവനെ സെലക്ട് ചെയ്തതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്,’ വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

സാരാന്‍ഷ് ജെയ്ന്‍. Photo: BCCI Domestic/x.com

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54 മത്സരത്തിലെ 97 ഇന്നിങ്‌സുകളില്‍ പന്തെടുത്ത ജെയ്ന്‍ 27.30 ശരാശരിയില്‍ 188 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് വീതം ഫോര്‍ഫറുകളും ഫൈഫറുകളും താരത്തിന്റെ പേരിലുണ്ട്.

ബാറ്റെടുത്ത 85 ഇന്നിങ്‌സില്‍ നിന്നും 31.75 ശരാശരിയില്‍ 2223 റണ്‍സാണ് മധ്യപ്രദേശുകാരന്‍ അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറും 14 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കി.

ഓഗസ്റ്റ് 15നാണ് ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഒമ്പത് മത്സരത്തില്‍ നിന്നും നാല് വീതം ജയവും തോല്‍വിയുമായി 52 പോയിന്റും 48.15 പി.സി.ടിയുമാണ് ഇന്ത്യയ്ക്കുള്ളത്.

കളിച്ച നാല് മത്സരത്തില്‍ നിന്നും ഒരോ ജയവും തോല്‍വിയും രണ്ട് സമനിലയുമായി 20 പോയിന്റാണ് ശ്രീലങ്കയ്ക്കുള്ളത്. 41.67 ലങ്കന്‍ ലയണ്‍സിന്റെ പി.സി.ടി.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍

*നിലവില്‍ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത താരങ്ങള്‍.

Content highlight: Wasim Jaffer says Saransh Jai is better bowler than Washington Sunder

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more