വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇനി ആരാകും ഇന്ത്യക്കായി നാലാം നമ്പറില്‍ ബാറ്റിങ്ങിനെത്തുക എന്നാണ് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നത്. ഇപ്പോള്‍ അതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ ഓപ്പണറായി തുടരണമെന്നും ശുഭ്മന്‍ ഗില്‍ ബാറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിന്ന് മാറി നാലാമനായി ഇറങ്ങണമെന്ന് ജാഫര്‍ പറഞ്ഞു.
ബി.ജി.ടിയില്‍ ഓപ്പണര്‍മാരായി രാഹുലും യശസ്വി ജയ്സ്വാളും മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും ഓപ്പണറാകാന്‍ രാഹുല്‍ ഏറ്റവും അനുയോജ്യനാണെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയില്‍ സംസാരിക്കുകയായിരുന്നു വസിം ജാഫര്‍.
‘ശുഭ്മന്‍ ഗില്‍ ശരിയായ ആളാണ്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഓപ്പണറായാണ് അവന്‍ കളിക്കുന്നത്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നാലാം സ്ഥാനത്തേക്ക് മാറേണ്ടതുണ്ട്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓപ്പണര്‍മാരായി കെ.എല്‍. രാഹുലും യശസ്വി ജയ്സ്വാളും മികച്ച പ്രകടനം കാഴ്ച വെച്ചു. ഓപ്പണറാകാന്‍ രാഹുല്‍ ഏറ്റവും അനുയോജ്യനാണെന്ന് എനിക്ക് തോന്നുന്നു. തകരാത്ത എന്തെങ്കിലും മാറ്റുന്നത് എന്തിനാണ്?,’ ജാഫര്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ താരം സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ എത്തണമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.
‘സായ് സുദര്‍ശന്‍ ഒരു മികച്ച ബാറ്ററാണ്. അവന് മൂന്നാം സ്ഥാനത്ത് കൂടുതല്‍ സമയം കളിക്കാന്‍ അവസരം നല്‍കണം,’ ജാഫര്‍ പറഞ്ഞു.
കെ.എല്‍. രാഹുല്‍ ഓപ്പണര്‍ എന്ന നിലയില്‍ 83 ഇന്നിങ്‌സുകളില്‍ നിന്ന് 2803 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഏഴ് സെഞ്ച്വറികളും 14 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. നാലാമനായി ഇറങ്ങി രാഹുല്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്ന് 108 റണ്‍സാണ് അടിച്ചിട്ടുള്ളത്.
അതേസമയം, ഗില്‍ മൂന്നാം സ്ഥാനത്ത് 30 ഇന്നിങ്‌സുകളില്‍ 1019 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 37.74 ശരാശരിയില്‍ ബാറ്റ് ചെയ്യുന്ന താരം മൂന്ന് സെഞ്ച്വറി നേടിയിട്ടുണ്ട്. ഓപ്പണറെന്ന നിലയില്‍ 29 ഇന്നിങ്‌സുകളില്‍ നിന്ന് 874 റണ്‍സും താരം അടിച്ചെടുത്തിട്ടുണ്ട്.
Content Highlight: Wasim Jaffer says KL Rahul should continue as opener and Shubhman Gill move down to No.4 in test