| Saturday, 11th July 2026, 4:50 pm

ഐ.പി.എല്ലില്‍ തിളങ്ങുന്ന അവന്‍ എന്തുകൊണ്ട് ടീമിലില്ല? ചോദ്യമുയര്‍ത്തി വസീം ജാഫര്‍

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 ടീമില്‍ എന്തുകൊണ്ട് സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വസീം ജാഫര്‍. ഐ.പി.എല്‍ കളിക്കുന്ന ഭുവിക്ക് എന്തുകൊണ്ട് ഇന്ത്യക്കായി കളിക്കാന്‍ പറ്റില്ലെന്നും താരത്തെ ടി – 20യിലെങ്കിലും അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഭുവി ഒരു തെളിയിക്കപ്പെട്ട താരമാണെന്നും ഇന്നിങ്‌സിന്റെ മൂന്ന് ഘട്ടങ്ങളിലും പന്തെറിയാന്‍ കഴിയുന്ന താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

വസീം ജാഫർ. Photo: CricketGully/x.com

‘ഭുവനേശ്വര്‍ കുമാര്‍ എന്തുകൊണ്ടാണ് ടീമില്‍ ഇല്ലാത്തതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഐ.പി.എല്ലില്‍ അവന് കളിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ കളിച്ചുകൂടാ? ടി – 20യില്‍ തീര്‍ച്ചയായും അവനെ ഉള്‍പ്പെടുത്താം.

പര്‍പ്പിള്‍ ക്യാപ്പ് നേടുന്നതില്‍ നിന്ന് ഒന്നോ രണ്ടോ വിക്കറ്റ് അകലെയായിരുന്നു ഭുവനേശ്വര്‍. അപ്പോള്‍ പിന്നെ, അവന്‍ ഫിറ്റായിരിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് ടീമില്‍ ഇല്ലാത്തത്? സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരും. അവന് പൂര്‍ണ്ണ ആരോഗ്യവാനാണ്, കളിക്കുന്നുമുണ്ട്.

ടി -20 ക്രിക്കറ്റിനായി മാത്രം ഭുവിയെ തീര്‍ച്ചയായും പരിഗണിക്കാം എന്ന് ഞാന്‍ കരുതുന്നു. കാരണം തെളിയിക്കപ്പെട്ട ഒരു താരമാണവന്‍. ഇന്നിങ്‌സിന്റെ മൂന്ന് ഘട്ടങ്ങളിലും പന്തെറിയാനും വിക്കറ്റുകള്‍ വീഴ്ത്താനും അവന് സാധിക്കും. അതിനാല്‍, ഭുവനേശ്വര്‍ കുമാര്‍ ടീമിലില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു,’ വസീം ജാഫര്‍ പറഞ്ഞു.

ടി – 20യില്‍ ഇന്ത്യക്കായി ഭുവി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ 87 മത്സരങ്ങളില്‍ കളിച്ച താരം 90 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. എന്നാല്‍, 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

Content Highlight: Wasim Jaffer says India should pick Bhuvaneshwar Kumar in T20Is

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more