ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും ടീമിലെ പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫര്‍.
അഞ്ചാം ബൗളറുടെ കാര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം വിലയിരുത്തി.
വസീം ജാഫര്‍
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹര്‍ദിക്കിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം വലിയ തിരിച്ചടിയാണെന്ന് വസീം ജാഫര്‍ വിലയിരുത്തിയത്.
‘അഞ്ചാം ബൗളറുടെ പ്രകടനം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ലാത്തപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാറുണ്ട്. അഭിഷേക് ശര്‍മ നല്ലൊരു ഓപ്ഷനാണ്, എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുമ്പോള്‍ അഞ്ചാമത്തെയും ആറാമത്തെയും ബൗളര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com
2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കാണുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണെന്നും ജാഫര്‍ ഓര്‍മിപ്പിച്ചു.
‘ഹര്‍ദിക്കിന് തുല്യമായ മറ്റൊരു പകരക്കാരന്‍ നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. ശിവം ദുബെയോ നിതീഷ് റെഡ്ഡിയോ ആകട്ടെ, ആരും ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ ലെവലിലേക്ക് എത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ മൂന്നാമത്തെയോ നാലാമത്തെയോ പേസറായി ഹര്‍ദിക് അത്യാവശ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്രധാന ബൗളര്‍മാര്‍ക്കൊപ്പം ഓള്‍ റൗണ്ടര്‍മാരായ അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ എന്നിവരെയാണ് ഇന്ത്യ ബൗളിങ്ങിനായി ഉപയോഗിച്ചത്.
എന്നാല്‍ ഇതില്‍ അഭിഷേക് ശര്‍മ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ നിതീഷ് റെഡ്ഡിയും ശിവം ദുബെയും വലിയ തോതില്‍ റണ്‍സ് വഴങ്ങി.
നിതീഷ് കുമാര്‍ 2 ഓവറുകളില്‍ നിന്ന് 30 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഇന്നിങ്‌സിലെ അവസാന ഓവര്‍ മാത്രം എറിഞ്ഞ ശിവം ദുബെ ലൈനും ലെങ്തും കണ്ടെത്താന്‍ പ്രയാസപ്പെടുകയും 21 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.
ഇതോടെയാണ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 156/8 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പിന്നീട് മറുപടി ബാറ്റിംഗില്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ (32 പന്തില്‍ 82 റണ്‍സ്) മികവില്‍ 13.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.
അഭിഷേക് ശര്‍മ. Photo: BCCI/x.com
2026ലെ ഐ.പി.എല്ലിന് ശേഷം തുടയിലെ പേശിയിലെ പരിക്കിനെ തുടര്‍ന്ന് ഹര്‍ദിക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
നിലവില്‍ ഫിറ്റ്‌നസ് തെളിയിക്കുന്നതിനായി ഒക്ടോബര്‍ ആറ് മുതല്‍ പുതുച്ചേരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയ എ ടീമിനെതിരായ ഇന്ത്യ എയുടെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ന് (സെപ്റ്റംബര്‍ 15) പരമ്പരയിലെ രണ്ടാം മത്സരം. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുമ്പോള്‍, പരമ്പര സജീവമായി നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാനും വിജയം അനിവാര്യമാണ്.
Content Highlight: Wasim Jaffer says Hardik Pandya’s absence is a cause for concern.