ഐ.പി.എല്‍ 2026 ആവേശകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. 19ാം സീസണില്‍ നിലവില്‍ ആറ് മത്സരങ്ങളാണ് അവസാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ടൂര്‍ണമെന്റില്‍ അവസാനത്തെ സ്ഥാനക്കാര്‍ ആരായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
ഡെവാള്‍ഡ് ബ്രെവിസ് ഫിറ്റ്‌നസ് വീണ്ടുടുക്കുകയോ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ഫോമിലേക്ക് തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ ചെന്നൈ പിന്നിലായി പോകുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും കാര്യവും ഇങ്ങനെ തന്നെയാണെന്നും വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
വസീം ജാഫർ. Photo: CricketGully/x.com
‘രണ്ടോ മൂന്നോ പ്രധാന കളിക്കാര്‍ ഫോമിലെത്തിയില്ലെങ്കില്‍ സി.എസ്.കെ കഷ്ടപ്പെടും. ബ്രെവിസ് എത്ര വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നതിനെയും ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ഫോമിലേക്കെത്തുക എന്നതിനെയും ആശ്രയിച്ചാവും ചെന്നൈയുടെ ഭാവി. അവരുടെ ബൗളിങ്ങും കുറച്ച് ദുര്‍ബലമാണ്. അതുകൊണ്ട് സി.എസ്.കെ പോയിന്റ് ടേബിളില്‍ പിന്നിലാവാന്‍ സാധ്യതയുണ്ട്.
ഇത് തന്നെയാണ് കെ.കെ.ആറിന്റെയും അവസ്ഥ. കളി ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ ശേഷിയുള്ള എക്‌സ് ഫാക്ടര്‍ കളിക്കാര്‍ അവര്‍ക്ക് അധികമില്ല. അത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒപ്പം അവര്‍ ഇതിനോടകം രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടുവെന്നത് ടീമിന് സമ്മര്‍ദമുണ്ടാക്കും. അവരെ അത് ടൂര്‍ണമെന്റില്‍ പിന്നിലാക്കും.
എല്‍.എസ്.ജിയുടെ കാര്യമെടുത്താല്‍ അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. അവര്‍ക്ക് മികച്ചൊരു സ്‌ക്വാഡുണ്ടായിട്ടും കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കുന്നില്ല. കഴിഞ്ഞ മത്സരത്തിലെ പല തീരുമാനങ്ങളും അത്ര ശരിയായി തോന്നിയില്ല. അവരുടെ സ്പിന്‍ വിഭാഗവും തികച്ചും ദുര്‍ബലമാണെന്നതും അവരെ പിന്നോട്ടടിക്കും.
ഇത് ടൂര്‍ണമെന്റിന്റെ തുടക്കമായതിനാല്‍ ഏതെങ്കിലും ഒരു ടീമിന് ശരിയായ മൊമെന്റം ലഭിച്ചാല്‍ അവര്‍ക്ക് മുന്നോട്ട് കുതിക്കാനാകും. അവര്‍ അതിനായിരിക്കും ആഗ്രഹിക്കുന്നത്. എന്നാല്‍, നിലവില്‍ ഈ മൂന്ന് ടീമുകളാണ് ഏറ്റവും ദുര്‍ബലര്‍,’ വസീം ജാഫര്‍ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ ആദ്യ മത്സരത്തിനിടെ. Photo: ChennaiSuperKings/x.com
സി. എസ്. കെയും എല്‍. എസ്. ജിയും കെ.കെ.ആറും ഈ സീസണ്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ചെന്നൈ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ ലഖ്നൗവിന്റെ തോല്‍വി ദല്‍ഹിയോടായിരുന്നു. കൊല്‍ക്കത്തയാവട്ടെ മുംബൈ ഇന്ത്യന്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും തോല്‍വി ഏറ്റുവാങ്ങി.
Content Highlight: Wasim Jaffer predicted that CSK, KKR and LSG could finish in the lower half of IPL 2026 point table