| Monday, 13th April 2026, 9:05 am

സഞ്ജു കളിക്കുമ്പോള്‍ സെഞ്ച്വറിയടിക്കുമെന്നാണ് പ്രതീക്ഷ; പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ആദ്യ സെഞ്ച്വറി മലയാളി താരം സഞ്ജു സാംസണ്‍ അടിച്ചെടുത്തിരുന്നു. ഏപ്രില്‍ 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു താരത്തിന്റെ ഐ.പി.എല്ലിലെ നാലാം സെഞ്ച്വറി നേട്ടം. ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

ദല്‍ഹിക്കെതിരെ 56 പന്തില്‍ പുറത്താകാതെ 115 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. ഈ ഇന്നിങ്‌സിനിടെ വിക്കറ്റ് കീപ്പര്‍ അടിച്ചത് നാല് സിക്‌സുകളും 15 ഫോറുകളുമാണ്. 205.36 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ താണ്ഡവം.

ഇപ്പോള്‍ ഈ സീസണിലെ കന്നി സെഞ്ച്വറി കുറിച്ചതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജുവിപ്പോള്‍ ഏറെ പക്വത നേടിയെന്നും താരം കളിക്കുന്നത് കാണുമ്പോള്‍ അവന്‍ സെഞ്ച്വറി നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വസീം ജാഫർ. Photo: CricketGully/x.com

സഞ്ജു അവസാന 15 – 20 അന്താരാഷ്ട്ര ഇന്നിങ്‌സില്‍ മൂന്നോ നാലോ സെഞ്ച്വറി നേടിയിട്ടുണ്ടാക്കുമെന്നും അത് അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘അവനിപ്പോള്‍ ഒരുപാട് പക്വത നേടിയിരിക്കുന്നു. സഞ്ജു സാംസണ്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അവന്‍ സെഞ്ച്വറി നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ടി – 20 ലോകകപ്പില്‍ അവന് ചില സെഞ്ച്വറികള്‍ നഷ്ടമായിട്ടുണ്ട്.

എങ്കിലും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ തന്റെ ഇന്നിങ്സിനെ എങ്ങനെ കൃത്യമായി കൊണ്ടുപോകണമെന്ന് സഞ്ജുവിന് അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്റെ അവസാന 15 – 20 ഇന്നിങ്സുകളില്‍ മൂന്നോ നാലോ സെഞ്ച്വറികള്‍ അടിച്ചിട്ടുണ്ട്. ഈ കണക്കുകള്‍ അതിശയകരമാണ്,’ വസീം ജാഫര്‍ പറഞ്ഞു.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

അതേസമയം, നാളെ (ഏപ്രില്‍ 14) സഞ്ജുവും ചെന്നൈയും തങ്ങളുടെ അഞ്ചാം മത്സരത്തിന് ഇറങ്ങുന്നുണ്ട്. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

Content Highlight: Wasim Jaffer praises Sanju Samson after his century against DC in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more