| Saturday, 18th April 2026, 1:26 pm

അവന്‍ ഒരു തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്; സൂപ്പര്‍ താരത്തെ കുറിച്ച് വസീം ജാഫര്‍

ഫസീഹ പി.സി.

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള താരത്തിന്റെ ഇന്നിങ്സ് മികച്ചതായിരുന്നുവെന്നും താരം ഒരു സെഞ്ച്വറി അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ ഗില്‍ ഒരു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്നും പ്രകടങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ നേരിടുമ്പോഴും ചര്‍ച്ചകളില്‍ മുന്‍നിരയിലുള്ള പേരുകളില്‍ ഒന്ന് താരത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

വസീം ജാഫർ. Photo: Crictracker

‘ശുഭ്മന്‍ ഗില്‍ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അവന്‍ മുമ്പും ഇത്തരം ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ അവന്‍ ബാറ്റിങ്ങില്‍ തന്റെ പഴയ താളം കണ്ടെത്തി. അവന്‍ ഒരു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടാവും. പ്രകടനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ നേരിടുമ്പോഴും ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമാണ് ഗില്ലിന്റെ പേര്.

ഗില്ലിന്റെ ഷോട്ടുകള്‍ വളരെ കൃത്യതയോടെയായിരുന്നു. പന്ത് ഓവര്‍ പിച്ച്ഡ് ആണെങ്കില്‍ പോലും അവന്‍ സ്‌ട്രൈറ്റ് സിക്‌സടിച്ചു. സ്പിന്നറെ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്തിയ ഷോട്ട് അതിമനോഹരമായിരുന്നു. അവന്‍ ഒരു സെഞ്ച്വറി അര്‍ഹിച്ചിരുന്നു. ഒരു സെഞ്ച്വറി നേടി ഗുജറാത്തിനെ ജയിപ്പിച്ചിരുന്നെങ്കില്‍ അത് പൂര്‍ണമായേനെ. ഗുജറാത്തിന് വിജയം സമ്മാനിച്ച അവന്റെ പ്രകടനം അതിശയകരമാണ്,’ വസീം ജാഫര്‍ പറഞ്ഞു.

ശുഭ്മൻ ഗിൽ. Photo: iplt20.com

കൊല്‍ക്കത്തക്കെതിരെ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 50 പന്തില്‍ 86 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് സിക്‌സുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്. താരത്തിന്റെ ഈ പ്രകടനമാണ് ടൈറ്റന്‍സിന് ഹാട്രിക്ക് വിജയം സമ്മാനിച്ചത്.

ഏപ്രില്‍ 20നാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ജി.ടിയുടെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

Content Highlight: Wasim Jaffer praise Shubhman Gill’s knock against KKR

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more