അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീമില്‍ സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. താരം ടി – 20യില്‍ മാത്രമാണ് കളിക്കുന്നതെന്നും അതിനാല്‍ ടീമിലെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ വിശദീകരണം.
ഇപ്പോള്‍ ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. അഗാര്‍ക്കറുടെ വിശദീകരണം അസംബന്ധമാണെന്നും ഷമിയെ പോലൊരു താരത്തോട് കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം പറഞ്ഞു.
വസീം ജാഫർ. Photo: CricketGully/x.com
ജസ്പ്രീത് ബുംറയെ പോലെ തന്നെ ഷമിയെയും കണക്കാക്കണമെന്നും ലോകത്തിലെ ഏതൊരു ബാറ്ററും ഷമിയെ ടോപ് റാങ്കില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി – 20 താരമാണെന്നത് വെറും ഒഴിവുകഴിവാണെന്നും ടീമിലേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയണമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
‘അജിത് അഗാര്‍ക്കറുടെ വിശദീകരണം തികച്ചും അസംബന്ധമാണ്. മുഹമ്മദ് ഷമിയെ പോലൊരു താരത്തോട് കാണിക്കുന്ന അനാദരവാണിത്. പ്രകടനം കണ്ടിട്ടും അവന്‍ വെറും ടി – 20 താരമാണെന്ന് പറയുന്നത് വെറും ഒഴിവുകഴിവ് മാത്രമാണ്. ഇനി അവനെ ടീമിലേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ അത് വ്യക്തമാക്കണം.
ബംഗാളിനെ രഞ്ജി ട്രോഫിയിൽ സെമി ഫൈനലിലേക്ക് ഒറ്റയ്ക്ക് തോളിലേറ്റി നയിച്ചത് ഷമിയായിരുന്നു.ബുംറയ്ക്ക് (ജസ്പ്രീത്) പരിക്കേറ്റാല്‍ അവനെ പിന്നീട് തിരികെ വിളിക്കില്ലേ? അപ്പോള്‍ ഷമിയെയും ബുംറയ്‌ക്കൊപ്പം തന്നെ കണക്കാക്കണം. ലോകത്തിലെ ഏതൊരു ബാറ്ററും ഷമിയെ ടോപ് റാങ്കില്‍ ഉള്‍പ്പെടുത്തും. അവന്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകളോടുള്ള അനാദരവാണിത്,’ വസീം ജാഫര്‍.
മുഹമ്മദ് ഷമി.
2023ലാണ് ഷമി അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം. ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിനത്തിലും ടി – 20യിലും അവസാനമായി കളിച്ചത് കഴിഞ്ഞ വര്‍ഷമാണ്.ഫെബ്രുവരിയില്‍ ഇംഗ്ലണ്ട് പരമ്പരയില്‍ അവസാന ടി – 20 മത്സരം കളിച്ചപ്പോള്‍ ഏകദിനത്തില്‍ മാര്‍ച്ചില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു താരം അവസാനമായി കളത്തിലിറങ്ങിയത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.
Content Highlight: Wasim Jaffer criticizes Ajit Agarkar for excluding Mohammed Shami from in the Indian squad for Afgansithan series