ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ലഖ്‌നൗവിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് നടത്തുന്നതെന്നും ഒരു ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ ക്യാപ്റ്റന്‍ റിഷബ് പന്ത് ടീമിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നിക്കോളാസ് പൂരന്‍ ഫോമിലല്ലെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
‘ടോപ്പ് ഓര്‍ഡറിലെ നാല് ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. എല്‍.എസ്.ജിയുടെ ടോപ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നില്ല. മിച്ചല്‍ മാര്‍ഷില്‍ നിന്ന് റണ്‍സ് വരുന്നില്ല, മാര്‍ക്രം ഒരു സാധാരണ പന്തിലാണ് പുറത്തായത്. റിഷബ് പന്തിനെ സംബന്ധിച്ചിടത്തോളം, ഒരു ഇന്നിങ്സില്‍ മാറ്റി നിര്‍ത്തിയാല്‍ പോലും അദ്ദേഹം ടീമിനായി ഒന്നും തന്നെ സംഭാവന ചെയ്തിട്ടില്ല. നിക്കോളാസ് പൂരന്‍ പൂര്‍ണമായും ഫോം ഔട്ടാണെന്ന് തോന്നുന്നു, അദ്ദേഹം ഇനിയും ടൂര്‍ണമെന്റില്‍ എത്തിയിട്ടില്ല,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ വമ്പന്‍ പരാജയമായിരുന്നു ലഖ്‌നൗ ഏറ്റുവാങ്ങിയത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 146 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 29 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു.
ആറ് പന്തില്‍ നിന്ന് വെറും ഒരു റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ റിഷബ് പന്ത് കൂടാരം കയറിയത്. മത്സരത്തില്‍ ആര്‍.സി.ബി പേസര്‍ ജോഷ് ഹേസല്‍വുഡ്ഡിന്റെ പന്ത് തട്ടി പുറത്ത് പോകേണ്ടി വന്നെങ്കിലും, ക്രീസില്‍ തിരിച്ചെത്തിയ താരത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല.
അതേസമയം നിലവില്‍ ഐ.പി.എല്ലില്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 104 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 68 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റ് മത്സരങ്ങളിലൊന്നും പന്തിന് ടീമിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.
ഏപ്രില്‍ 19ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. മികച്ച പ്രകടനം നടത്തി റിഷബ് പന്ത് തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Wasim Jaffer Criticize LSG Captain Rishabh Pant