| Tuesday, 7th April 2026, 9:58 am

അവന് ഗെയിം അവേര്‍നസ് ഇല്ല; ചെന്നൈ താരങ്ങളെ വിമര്‍ശിച്ച് വസീം ജാഫര്‍

ശ്രീരാഗ് പാറക്കല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ വസീം ജാഫര്‍. ബെംഗളൂരുവിനെതിരെ ചെന്നൈയുടെ ഓപ്പണര്‍മാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും പെട്ടെന്ന് പുറത്തായെന്നും സര്‍ഫറാസ് നന്നായി കളിച്ചെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കാര്‍ത്തിക് ശര്‍മ മത്സര അവബോധമില്ലാതെയാണ് കളിക്കുന്നതെന്നും ചെന്നൈ എല്ലാ മേഖലയിലും പിന്നിലാണെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.

‘അവരുടെ ഓപ്പണര്‍മാര്‍ പോലും നിരാശാജനകമായിരുന്നു. ഗെയ്ക്വാദിന്റെയും സാംസണിന്റെയും പുറാത്താകലുകള്‍ വളരെ പെട്ടന്നുള്ളതായിരുന്നു. സര്‍ഫറാസ് നന്നായി കളിച്ചു, പക്ഷേ അദ്ദേഹവും പുറത്തായി. കാര്‍ത്തിക് ശര്‍മയില്‍ എനിക്ക് അല്‍പം നിരാശ തോന്നി. അദ്ദേഹത്തിന് ഗെയിം അവേര്‍നസില്ല. എല്ലാ മേഖലയിലും, സി.എസ്.കെ വളരെ പിന്നിലാണ്. അവരുടെ ബൗളിങ്ങിനെയും പ്രകടനത്തെയും കുറിച്ച് ധാരാളം ചോദ്യങ്ങളുണ്ട്. അവര്‍ ഇത് എങ്ങനെ പരിഹരിക്കുമെന്ന് എനിക്കറിയില്ല,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും ഓപ്പണര്‍ സഞ്ജു സാംസണും

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. താരം അഞ്ച് പന്തില്‍ ഒരു സിക്സറടക്കം ഒമ്പത് റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (7), യുവ താരം ആയുഷ് മാത്രെ (1) എന്നിവരും റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കാര്‍ത്തിക് ശര്‍മ മൂന്ന് പന്തില്‍ ആറ് റണ്‍സ് നേടിയാണ് മടങ്ങിയത്.

നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ചെന്നൈ പോയിന്റ് ടേബിളില്‍ അവസാനമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റിങ് തകര്‍ച്ചയും മോശം ബൗളിങ് പ്രകടനവുമാണ് ടീമിന് വിനയാകുന്നത്.

Content Highlight: Wasim Jaffer Criticize Chennai Players

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more