| Friday, 4th September 2026, 8:30 am

സഞ്ജു ബെഞ്ചിലിരിക്കുന്നത് കണ്ടുനില്‍ക്കുക പ്രയാസം; ലോകത്തിലെ ഏത് ടീമിലും കളിക്കാന്‍ യോഗ്യന്‍: വസീം ജാഫര്‍

ആദർശ് എം.കെ.

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജുവിന്റെ കഴിവും ഇന്ത്യന്‍ ടീമിലെ കടുത്ത മത്സരവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ വലിയ മത്സരമുള്ളതുകൊണ്ടാണ് സഞ്ജുവിന് പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ടി വരുന്നതെന്ന് ജാഫര്‍ നിരീക്ഷിച്ചു. ലോകത്തിലെ മറ്റ് ടീമുകളിലെല്ലാം സഞ്ജുവിന് നേരിട്ട് പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്നും വസീം ജാഫര്‍ പറഞ്ഞു.

വസീം ജാഫർ. 

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യന്‍ ഡൊമസ്റ്റിക് ലെജന്‍ഡ് സഞ്ജുവിനായി രംഗത്തെത്തിയത്.

‘ലോകത്തിലെ മറ്റ് പല അന്താരാഷ്ട്ര ടീമുകളുടെയും പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ നേരിട്ട് ഇടംപിടിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അത്രത്തോളം കടുത്ത മത്സരമുള്ളതിനാല്‍ താരത്തിന് പുറത്തിരിക്കേണ്ടി വരുന്നു.

പലപ്പോഴും ഈ മത്സരത്തിന്റെ വില കൊടുക്കേണ്ടി വരുന്നത് സഞ്ജുവാകുന്നു. എന്നാല്‍ ഇപ്പോള്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ഇടവരുത്താത്ത തരത്തിലുള്ള പ്രകടനം പുറത്തെടുക്കണമെന്ന് ഞാന്‍ സഞ്ജുവിനോട് പറയും,’ അദ്ദേഹം പറഞ്ഞു.

കുല്‍ദീപ് യാദവിനൊപ്പം ലോകകപ്പുമായി. Photo: BCCI/x.com

‘എന്തുതന്നെയായാലും ടീമിന് പുറത്തിരിക്കേണ്ടി വരുന്നത് ഉള്ളില്‍ വലിയ സങ്കടമുണ്ടാക്കും. എന്നാല്‍ നമ്മള്‍ കാര്യങ്ങളെ വലിയ കാഴ്ചപ്പാടോടെ കാണേണ്ടതുണ്ട്. സ്വന്തം രാജ്യവും ടീമും മികച്ച പ്രകടനം നടത്തണമെന്നാണ് ഏതൊരു കളിക്കാരനും ആഗ്രഹിക്കുക.

വ്യക്തിപരമായ കാര്യങ്ങള്‍ മാറ്റിവെച്ച് ടീമിന്റെ വശത്തുനിന്ന് ചിന്തിക്കുക എന്നത് ഒരു കളിക്കാരന് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ പ്രശംസിച്ചേ മതിയാകൂ. കാരണം അദ്ദേഹത്തെപ്പോലൊരു കളിക്കാരന്‍ ബെഞ്ചിലിരിക്കുന്നത് കണ്ടുനില്‍ക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

സഞ്ജു ടോപ്പ് ത്രീയില്‍ ബാറ്റിങ്ങിനിറങ്ങണമെന്നും എന്നാല്‍ മറ്റ് താരങ്ങള്‍ മികച്ച ഫോമില്‍ തുടരുമ്പോള്‍ കാര്യങ്ങള്‍ നിലവില്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ സഞ്ജു സാംസണ്‍ 1, 2 അല്ലെങ്കില്‍ 3 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യണം. എന്നാല്‍ ഇഷാന്‍ കിഷന്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ എവിടെ കളിപ്പിക്കും? സഞ്ജുവിന് വേണ്ടി ഇഷാനെ ഒഴിവാക്കാനാകുമോ?

ശ്രേയസ് അയ്യര്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് നിരവധി ചോദ്യചിഹ്നങ്ങള്‍ മുന്നിലുണ്ട്. വൈഭവ് സൂര്യവംശിയെ ഒഴിവാക്കി സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല,’ വസീം ജാഫര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ മൂന്നാം ടി-20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായ സഞ്ജുവിന് എന്നാല്‍ ടൂര്‍ണമെന്റിന് ശേഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ശേഷം കളിച്ച നാല് മത്സരത്തില്‍ നിന്നും 8.25 ശരാശരിയില്‍ 33 റണ്‍സാണ് സഞ്ജുവിന് നേടാനായത്. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല.

സെപ്റ്റംബര്‍ 13നാണ് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. 15, 17 ദിവസങ്ങളില്‍ ശേഷിച്ച മത്സരങ്ങളും ഇതേ വേദിയില്‍ അരങ്ങേറും.

Content Highlight: Wasim Jaffer about Sanju Samson

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more