| Monday, 11th August 2025, 4:25 pm

സിറാജ് ഇംഗ്ലണ്ടിനെതിരെ കാണിച്ചത് ഒരു പോരാളിയുടെ മനോഭാവം: വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പ്രശംസിച്ച് പാക് ഇതിഹാസം വസീം അക്രം. അതിയായ പാഷനോടെയാണ് സിറാജ് ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞതെന്ന് എന്നാണ് അദ്ദേഹം പറഞ്ഞത്. താരം ഇനി ഒരു സപ്പോര്‍ട്ടിങ് പ്ലെയറാല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലികോം ഏഷ്യ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്രം.

‘പരമ്പരയിലെ സിറാജിന്റെ പ്രകടനം അസാധാരണമായിരുന്നു. അഞ്ച് ടെസ്റ്റിലും ഏകദേശം 186 കിലോമീറ്റർ വേഗതയിലാണ് അവന്‍ പന്തെറിഞ്ഞിട്ടുണ്ട്. എന്നിട്ടും അവസാന ദിവസം സിറാജ് കാണിച്ച ഉത്സാഹം അവന്റെ അവിശ്വസനീയമായ സ്റ്റാമിനയും ദൃഢനിശ്ചയവും തെളിയിക്കുന്നു,’ അക്രം പറഞ്ഞു.

ജസ്പ്രീത് ബുംറയുടെ നിഴലായി മാത്രം ഒതുങ്ങിയ സിറാജിന്റെ ഒരു ഹീറോയായുള്ള മാറ്റത്തിനാണ് ഈ പരമ്പര സാക്ഷ്യം വഹിച്ചത്. ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് സിറാജിന്റെ പ്രകടനമായിരുന്നു.

അഞ്ചാം മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നേടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുമെന്ന് ഏറെ കുറെ ഉറപ്പിച്ച നേരത്ത് ആതിഥേയരുടെ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് പേസറായിരുന്നു.

‘പൂര്‍ണ പ്രതിബദ്ധതയോടെയാണ് സിറാജ് ബൗളിങ് യൂണിറ്റിന്റെ ചുമതല ഏറ്റെടുത്തത്. ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെട്ടപ്പോഴും അവൻ തന്റെ ശ്രദ്ധ കൈവിട്ടില്ല. അതാണ് ഒരു യഥാര്‍ത്ഥ പോരാളിയുടെ മനോഭാവം. ടെസ്റ്റ് ക്രിക്കറ്റ് സജീവവും ആവേശകരവുമാണ്,’ അക്രം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയിലുടനീളം മിന്നും പ്രകടനമാണ് സിറാജ് നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ താരം 23 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായിരുന്നു. രണ്ട് ഫൈഫറും ഒരു നാല് വിക്കറ്റ് നേട്ടവുമായുവായിരുന്നു ഈ പ്രകടനം. 32.43 ആവറേജിലും 4.02 എക്കോണമിയിലുമാണ് സിറാജ് പന്തെറിഞ്ഞിരുന്നത്.

Content Highlight: Wasim Akram says that Muhammed Siraj is no longer a supporting player

We use cookies to give you the best possible experience. Learn more