| Thursday, 13th March 2025, 7:49 am

ഇവനെയൊക്കെ ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കുന്നു; ഒടുവില്‍ മൗനം അവസാനിപ്പിച്ച് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ വളരെ മോശം പ്രകടനമാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമയുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. സ്വന്തം കാണികള്‍ക്ക് മുമ്പില്‍, സ്വന്തം മണ്ണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും പരാജയപ്പെട്ട പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്ഥാന്റെ അവസാന മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ടീമിന്റെ മോശം പ്രകടനത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് മുന്‍ പാക് താരവും 2017ല്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയ ടീമിലെ പ്രധാനിയുമായ മുഹമ്മദ് ഹഫീസ് പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം തൊണ്ണൂറുകളിലെ ഇതിഹാസങ്ങളെയും ഹഫീസ് വിമര്‍ശിച്ചിരുന്നു.

വസീം അക്രം, വഖാര്‍ യൂനിസ് തുടങ്ങിയ ഇതിഹാസങ്ങളടങ്ങിയ യുഗത്തെയാണ് ഹഫീസ് വിമര്‍ശിച്ചത്. ഇവര്‍ ഒറ്റ ഐ.സി.സി കിരീടം പോലും നേടിയിട്ടില്ലെന്നും വരും തലമുറയെ പ്രചോദിപ്പിക്കാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നുമായിരുന്നു ഹഫീസിന്റെ വിമര്‍ശനം.

‘1996ലും 1999ലും 2003ലും ഒറ്റ ഐ.സി.സി ഇവന്റ് പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഒരിക്കല്‍ നമ്മള്‍ ഫൈനലിലെത്തി (1999ല്‍ ഓസ്‌ട്രേലിയക്കെതിരെ), എന്നാല്‍ മോശം രീതിയില്‍ പരാജയപ്പെട്ടു. അവര്‍ മെഗാ സൂപ്പര്‍ സ്റ്റാറുകളായിരുന്നു, പക്ഷേ ഒരു ഐ.സി.സി ഇവന്റ് വിജയിക്കാന്‍ അവരെക്കൊണ്ട് സാധിച്ചില്ല,’ എന്നായിരുന്നു ഹഫീസ് പറഞ്ഞത്.

‘ഞാന്‍ തൊണ്ണൂറുകളിലെ ക്രിക്കറ്റര്‍മാരുടെ ആരാധകനാണ്. എന്നാല്‍ ലെഗസിയിലേക്ക് വരുമ്പോള്‍ അവര്‍ ഒന്നും തന്നെ ബാക്കിവെച്ചിട്ടില്ല,’ ഹഫീസ് കൂട്ടിച്ചേര്‍ത്തു.

ഹഫീസിന്റെ വാക്കുകളോട് പ്രതികരിക്കുകകയാണ് ഇതിഹാസ താരം വസീം അക്രം. ഇതിനെ കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവര്‍ ഇനി മുതല്‍ തന്റെ ജീവിതത്തിന്റെ ഭാഗമാകില്ലെന്നുമാണ് വസീം അക്രം പറഞ്ഞത്.

‘എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനാകും, പക്ഷേ അതിനൊന്നും ശ്രദ്ധ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ എന്റെ ജീവിതത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്. അവരുടെ പേരുകള്‍ പോലും പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല,’ വസീം അക്രം പറഞ്ഞു.

നേരത്തെ വസീം അക്രമിന്റെ ബൗളിങ് പാര്‍ട്ണറായ വഖാര്‍ യൂനിസും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇരുവരുടെയും കരിയര്‍ സ്റ്റാറ്റ്‌സ് പങ്കുവെച്ചാണ് വഖാര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

1992 ലോകകപ്പില്‍ പാകിസ്ഥാന്‍ കിരീടം നേടിയ കാര്യം മറന്നതുകൊണ്ടായിരിക്കാം മുഹമ്മദ് ഹഫീസ് ഇതിഹാസങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ കിരീടമണിഞ്ഞത്.

ഫൈനലില്‍ 22 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം 18 പന്ത് നേരിട്ട് 33 റണ്‍സ് നേടുകയും പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത വസീം അക്രമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

Content Highlight: Wasim Akram responds to Mohammed Hafeez’s criticism

We use cookies to give you the best possible experience. Learn more