| Monday, 8th July 2024, 8:43 am

അവനെ പോലൊരു ക്യാപ്റ്റൻ ക്രിക്കറ്റിൽ ഇതുവരെ ഉണ്ടായിട്ടില്ല: വസിം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം. ധോണി എല്ലാ അംഗീകാരങ്ങള്‍ക്കും അര്‍ഹനാണെന്നും ഇന്ത്യയില്‍ ധോണിയെ പോലെ മറ്റൊരു താരം ഉണ്ടായിട്ടില്ലെന്നുമാണ് വസിം അക്രം പറഞ്ഞത്. സ്‌പോര്‍ട്‌സ് കീഡയിലെ മാച്ച് കീ ബാത്ത് എന്ന പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ധോണി ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, മറ്റ് പ്രധാനപ്പെട്ട വൈറ്റ് ബോള്‍ ട്രോഫികളും നേടിയിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പഞ്ചാബ്, ദല്‍ഹി, ലഖ്‌നൗ തുടങ്ങിയ വ്യത്യസ്തമായ സ്റ്റേഡിയത്തില്‍ എവിടെ അദ്ദേഹം പോയാലും അവിടെ വലിയ ആവേശമുണ്ടാവും. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ക്രിക്കറ്റ് താരം ഇന്ത്യയില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?.

കളത്തിനകത്തും പുറത്തും ധോണി ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചു. ബാറ്റിങ്, കീപ്പിങ്, ക്യാപ്റ്റന്‍സി എന്നിവ കൊണ്ടെല്ലാം അദ്ദേഹം മത്സരങ്ങള്‍ വിജയിച്ചു. അതുകൊണ്ടുതന്നെ ധോണിക്ക് ഇത്തരത്തില്‍ എടുത്ത ഈ ഗാനം ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ലഭിക്കുക. സച്ചിന്‍, ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് പ്രധാന താരങ്ങള്‍. അതുകൊണ്ടുതന്നെ ധോണിക്ക് ലഭിക്കുന്ന തരത്തിലുള്ള അഭിനന്ദനം അവരും അര്‍ഹിക്കുന്നുണ്ട്,’ വസിം അക്രം പറഞ്ഞു.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്.

2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു.

2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഇപ്പോഴും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്.

Content Highlight: Wasim Akram Praises M.S Dhoni

Latest Stories

We use cookies to give you the best possible experience. Learn more