| Tuesday, 11th March 2025, 11:49 am

ലോകത്ത് എവിടെ കളിച്ചാലും ഇന്ത്യ തന്നെ വിജയിക്കുമായിരുന്നു, അവര്‍ ചാമ്പ്യന്‍മാരുടെ ചാമ്പ്യന്‍മാരാണ്; തുറന്ന് പറഞ്ഞ് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. എന്നാല്‍ ആതിഥേയരായ പാകിസ്ഥാന് ടൂര്‍ണമെന്റിലെ ബി-ഗ്രൂപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. മോശം പ്രകടനം കാഴ്ചവെച്ചാണ് മെന്‍ ഇന്‍ ഗ്രീന്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും പിന്നീട് ഇന്ത്യയോടും പരാജയപ്പെട്ടത്. പാകിസ്ഥാന് തങ്ങളുടെ അവസാന മത്സരം മഴമൂലവും നഷ്ടമായി.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എല്ലാ മത്സരവും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരേ വേദിയില്‍ കളിച്ചത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയെന്ന് പല മുന്‍ താരങ്ങളും പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ വസീം അക്രം. ഇന്ത്യ ലോകത്ത് എവിടെ കളിച്ചാലും ചാമ്പ്യന്‍സ് ട്രോഫി വിജയിക്കുമെന്നാണ് അക്രം പറഞ്ഞത്. മാത്രമല്ല മത്സരങ്ങള്‍ വിജയിക്കുന്നതിനുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേതൃത്വവും ആഴവും വളരെ വലുതാണെന്നും വസീം അക്ര പറഞ്ഞു.

‘ പാകിസ്ഥാനിലല്ല ലോകത്ത് എവിടെ കളിച്ചാലും ഇന്ത്യ തന്നെ വിജയിക്കുമായിരുന്നു. അതെ, ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്തണമെന്ന് തീരുമാനിച്ചതിന് ശേഷം ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ അവര്‍ പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ അവിടെയും വിജയിക്കുമായിരുന്നു.

2024ലെ ടി-20 ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെ അവര്‍ വിജയിച്ചു, ഒരു കളി പോലും തോല്‍ക്കാതെ അവര്‍ ചാമ്പ്യന്‍സ് ട്രോഫി നേടി, അത് അവരുടെ ക്രിക്കറ്റിന്റെ ആഴത്തേയും അവരുടെ നേതൃത്വത്തെയും കാണിക്കുന്നു.

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍, നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അവര്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റു, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തോറ്റു, ശ്രീലങ്കയില്‍ പരമ്പര തോറ്റു. ക്യാപ്റ്റനെ പരിശീലകനെ നീക്കം ചെയ്യാന്‍ അവര്‍ സമ്മര്‍ദത്തിലായിരുന്നു, പക്ഷേ വിവേകം വിജയിച്ചു.

ബി.സി.സി.ഐ അവരെ പിന്തുണച്ചു, ‘ഇതാണ് ഞങ്ങളുടെ ക്യാപ്റ്റന്‍, ഇതാണ് ഞങ്ങളുടെ കോച്ച്’ എന്ന് പറഞ്ഞു, ഇപ്പോള്‍ അവര്‍ ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരാണ്,’ സ്പോര്‍ട്സ് സെന്‍ട്രല്‍ ചാനലിലെ ഡ്രസിങ് റൂം ഷോയില്‍ സംസാരിക്കമ്പോള്‍ അക്രം പറഞ്ഞു.

Content Highlight: Wasim Akram Praises Indian Cricket Team

We use cookies to give you the best possible experience. Learn more