ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ ജയം. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.
മത്സര ശേഷം മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം ടീമിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. പാകിസ്ഥാന്‍ ഡെത്ത് ഓവറില്‍ ഡോട്ട് ബോള്‍ വഴങ്ങിയതിനെയാണ് വസീം കുറ്റപ്പെടുത്തിയത്. അവസാന ഘട്ടത്തിലേക്ക് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പന്ത് മനസിലാക്കാനോ പ്രതിരോധിക്കാനോ പാക് താരങ്ങള്‍ക്ക് സാധിച്ചില്ലെന്നും മുന്‍ താരം പറഞ്ഞു.
‘കളിക്കാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് പി.സി.ബി കേന്ദ്ര കരാര്‍ സംവിധാനത്തില്‍ ഒരു നിബന്ധന ചേര്‍ക്കണം. ഇന്ത്യയ്‌ക്കെതിരെ 18, 19 ഓവറുകളില്‍ അവര്‍ ഡോട്ട് ബോളുകള്‍ കളിക്കുകയായിരുന്നു.
ഇന്ത്യ ബൗളിങ്ങില്‍ പ്രതിരോധിച്ചുകൊണ്ടേയിരുന്നു. കുല്‍ദീപിന്റെ പന്ത് അവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല, എന്താണ് എറിയുന്നതെന്ന് അവര്‍ക്ക് ഒരു പിടിത്തവുമില്ലായിരുന്നു. പാകിസ്ഥാന്‍ കളിക്കാര്‍ നാട്ടില്‍ റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കേണ്ടത് പ്രധാനമാണ്,’ വസീ അക്രം സോണി സ്‌പോര്‍ട്സില്‍ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് അഭിഷേക് ഷര്‍മ നല്‍കിയത്. ആദ്യ ഓവറിനെത്തിയ ഷഹീന്‍ അഫ്രീദിയെ സിക്സര്‍ പറത്തിയാണ് അഭിഷേക് വരവറിയിച്ചത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 28 പന്തില്‍ എട്ട് ഫോര്‍ അടക്കം 47 റണ്‍സിനാണ് ശുഭ്മന്‍ ഗില്‍ മടങ്ങിയത്. മാത്രമല്ല 100 റണ്‍സിന്റെ മിന്നും കൂട്ട്കെട്ട് നേടാന് അഭിഷേകിനും ഗില്ലിനും സാധിച്ചു.
ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യയെ ഹാരിസ് റൗഫ് പൂജ്യത്തിനാണ് പറഞ്ഞയച്ചത്. വെടിക്കെട്ട് ബാറ്റിങ്ങിനൊടുവില്‍ അഭിഷേകാണ് പിന്നീട് പുറത്തായത്. 39 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. 189.74 എന്ന സ്ട്രൈക്ക് റേറ്റിലായികുന്നു അഭിയുടെ ബാറ്റിങ് അറ്റാക്ക്. ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ ശിവം ദുബെ രണ്ട് വിക്കറ്റും ഹര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Wasim Akram Criticize Pakistan Team