| Monday, 24th February 2025, 2:34 pm

കടുത്ത നടപടികള്‍ ആവശ്യമാണ്, യുവ താരങ്ങളെ കൊണ്ടുവരാന്‍ സമയമായി; പാകിസ്ഥാന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ദുബായില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 18ാം വിജയവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.

22 തവണയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഏഴ് ഏകദിന മത്സരത്തിലെ ഒരു മത്സരത്തില്‍ ഫലമില്ലാതെ പോയപ്പോള്‍ ഇന്ത്യയാണ് ബാക്കിയുള്ള 6 മത്സരവും പാകിസ്ഥാനെതിരെ വിജയിച്ചത്.

തുടര്‍ പരാജയങ്ങള്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പല താരങ്ങളും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അടുത്ത കാലത്തായി മോശം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മോശം പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവെക്കുന്നതും. ഇതോടെ പാകിസ്ഥാന്റെ മുന്‍ താരവും കമന്റേറ്ററുമായ വസീം അക്രം പാകിസ്ഥാന്‍ ടീമിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചിരിക്കുകയാണ്.

ടീം സെലക്ഷന്‍ കമ്മിറ്റിയേയും മാനേജ്‌മെന്റിനേയും ഉള്‍പ്പെടെയാണ് മുന്‍ താരം വിമര്‍ശിച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വലിയ മാറ്റം ആവശ്യമാണെന്നും ഭയമില്ലാതെ കളിക്കുന്ന യുവ താരങ്ങളെ ടീമിലെത്തിക്കണെമെന്നും മുന്‍ താരം പറഞ്ഞു.

‘നമുക്ക് കടുത്ത നടപടികള്‍ ആവശ്യമാണ്. വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരേ കളിക്കാരുടെ കൂടെ നമ്മള്‍ തോറ്റുകൊണ്ടിരിക്കുകയാണ്. ധീരമായ ഒരു ചുവടുവെപ്പ് നടത്താനും ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുന്ന യുവ കളിക്കാരെ കൊണ്ടുവരാനും സമയമായി. വലിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനായി മുന്നോട്ട് പോയെ മതിയാകൂ. പുതിയ കളിക്കാര്‍ക്ക് ആറ് മാസം സമയം നല്‍കുക, അവരെ പിന്തുണയ്ക്കുക, 2026 ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുക.

നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. നിലവില്‍ എ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് ഒരു വിജയം സ്വന്തമാക്കിയ ന്യൂസിലാന്‍ഡുമാണ്.

ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഇന്ന് (തിങ്കള്‍) ന്യൂസിലാന്‍ഡിനെ നേരിടും. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ് സെമിയിലെത്തും മാത്രമല്ല പാകിസ്ഥാനും ബംഗ്ലാദേശും പുറത്താകുകയും ചെയ്യും.

Content Highlight: Wasim Akram Criticize Pakistan Cricket

We use cookies to give you the best possible experience. Learn more