| Wednesday, 15th July 2026, 12:18 pm

സഞ്ജുവും സച്ചിനുമുള്ള ചരിത്ര ലിസ്റ്റിലേക്ക് ഇന്ത്യന്‍ താരം; തൂക്കിയത് മിന്നും നേട്ടം

സുദേവ് എ

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 75 പന്തില്‍ ഒരു സിക്സും 11 ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയിരിക്കെ റിട്ടയേഡ് ഹര്‍ട്ടായാണ് താരം മടങ്ങിയത്. ഗില്ലിന് പുറമെ 52 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടിയ അക്സര്‍ പട്ടേലും 63 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

വാഷിങ്ടണ്‍ സുന്ദര്‍ സിക്‌സര്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഏകദിനത്തില്‍ ഇന്ത്യക്ക് സിക്‌സര്‍ നേടി വിജയം സമ്മാനിച്ച 16ാം താരമാണ് വാഷിങ്ടണ്‍. ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഈ ലിസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. 2022ല്‍ സിംബാബ്‌വേക്കെതിരെയുള്ള ഏകദിന മത്സരത്തിലാണ് സഞ്ജു സിക്‌സറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഏകദിനത്തില്‍ സിക്‌സര്‍ നേടി ഇന്ത്യയെ വിജയിപ്പിച്ച താരങ്ങള്‍, മത്സരങ്ങളുടെ എണ്ണം

എം.എസ് ധോണി-9

കെ.എല്‍ രാഹുല്‍-6

വിരാട് കോഹ്ലി-5

ഹര്‍ഭജന്‍ സിങ്-2

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-1

രോഹിത് ശര്‍മ-1

യുവരാജ് സിങ്-1

ആര്‍. അശ്വിന്‍-1

ശിഖര്‍ ധവാന്‍-1

രവീന്ദ്ര ജഡേജ-1

സൗരഭ് തിവാരി-1

ശ്രേയസ് അയ്യര്‍-1

സഞ്ജു സാംസണ്‍-1

അക്‌സര്‍ പട്ടേല്‍-1

യശസ്വി ജെയ്സ്വാള്‍-1

വാഷിങ്ടണ്‍ സുന്ദര്‍-1

അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം അക്സര്‍ പട്ടേലാണ്. 9.5 ഓവറില്‍ നിന്ന് 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. അക്സര്‍ പട്ടേലിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ജോ റൂട്ടാണ്. പുറത്താകാതെ 76 പന്തില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 76 റണ്‍സാണ് താരം നേടിയത്. ബെന്‍ ഡക്കറ്റ് 43 റണ്‍സ് നേടി. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടങ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1 – 0ന് മുന്നിലെത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കാര്‍ഡിഫില്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഗില്ലിനും സംഘത്തിനും പരമ്പര നേടാനാവും. പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിനും വിജയം അനിവാര്യമാണ്.

Content Highlight: Washington Sunder create a huge record in odi cricket for India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more