ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. രണ്ടാം ഏകദിനത്തിന് മുമ്പേ മറ്റൊരു താരവും പരിക്കേറ്റ് പുറത്തായി. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് പുതുതായി പുറത്തായത്.
ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ സുന്ദര്‍ പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല. ഇടത് വാരിയെല്ലിന് താഴെയുള്ള പരിക്കാണ് താരത്തിന് വിനയായത്. പരിക്കിനെ കൂടുതല്‍ വിലയിരുത്താന്‍ താരത്തിനെ ഉടന്‍ സ്‌കാനിങ്ങിന് വിധേയമാകുമെന്ന് ബി.സി.സി.ഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
സുന്ദറിന് പകരക്കാരനായി യുവതാരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഏകദിനത്തിന് മുന്നോടിയായി താരം രാജ്‌കോട്ടില്‍ ടീമിനൊപ്പം ചേരും. ഇത് ആദ്യമായാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്.
ആയുഷ് ബദോനി. Photo: Johns/x.com
കിവികള്‍ക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ സൈഡ് സ്ട്രെയിന്‍ അനുഭവപ്പെട്ടതോടെ താരം ഫീല്‍ഡ് വിട്ടിരുന്നു. അഞ്ച് ഓവര്‍ പന്തെറിഞ്ഞതിന് ശേഷം അസ്വസ്ഥത പ്രകടിപ്പി ച്ച് ഫീല്‍ഡ് വിട്ട താരം ഇന്ത്യയുടെ ബാറ്റിങ്ങിന് എത്തിയിരുന്നു.
നേരത്തെ, പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും ഏകദിന സ്‌ക്വാഡില്‍ നിന്ന് പുറത്തായിരുന്നു. കൂടാതെ, കിവികള്‍ക്ക് എതിരെയുള്ള ടി – 20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് തിലക് വര്‍മയും പുറത്തായിട്ടുണ്ട്.
അതേസമയം, ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. വഡോദരയിലെ ജയത്തോടെ ആതിഥേയര്‍ പരമ്പരയില്‍ മുന്നിലെത്തി. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. അടുത്ത മത്സരം ജനുവരി 14ന് രാജ്‌കോട്ടിലാണ് നടക്കുക. ജനുവരി 18ന് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനം ഇന്‍ഡോറില്‍ അരങ്ങേറും.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി
Content Highlight: Washington Sundar ruled out of ODI squad against New Zealand; Ayush Badoni named as replacement