| Thursday, 5th February 2026, 3:13 pm

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത്

യെലന കെ.വി

വാഷിങ്ടണ്‍: അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് ജീവനക്കാരില്‍ മൂന്നിലൊന്ന് പേരെ പിരിച്ചുവിട്ടു. ഇഷാന്‍ കോണ്‍ഗ്രസ് എം..പി ശശി തരൂരിന്റെ മകനും പ്രമുഖ അന്താരാഷ്ട്ര കോളമിസ്റ്റുമായ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടമായത്.

ഇഷാന്‍ തരൂര്‍ തന്റെ എക്‌സിലൂടെയാണ് വിവരം പങ്കുവെച്ചത്.

‘വാഷിംഗ്ടണ്‍ പോസ്റ്റില്‍ നിന്ന് ഇന്ന് എന്നെയും അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം സഹപ്രവര്‍ത്തകരെയും പിരിച്ചുവിട്ടു. ഇത് ഹൃദയഭേദകമാണ്,’ എന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ 12 വര്‍ഷമായി സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’.

2017 മുതല്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ‘വേള്‍ഡ് വ്യൂ’ എന്ന കോളം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും നയമാറ്റങ്ങളും സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളും വായനക്കാരുടെ ശീലങ്ങളിലുണ്ടായ മാറ്റങ്ങളും കണക്കിലെടുത്ത് സ്ഥാപനത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഈ തീരുമാനങ്ങള്‍ അത്യാവശ്യമാണെന്നും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ പറഞ്ഞു. എഡിറ്റിംഗ്, സ്‌പോര്‍ട്‌സ് ഡെസ്‌ക് തുടങ്ങിയ വിഭാഗങ്ങളെ ഗണ്യമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപനത്തിന്റെ ഉടമ ജെഫ് ബെസോസിന്റെ ചില വിവാദപരമായ തീരുമാനങ്ങളും വായനക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാധ്യമലോകത്തെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമാണിതെന്ന് പുറത്തായ ജീവനക്കാര്‍ പറഞ്ഞു.

Content Highlight: Washington Post layoffs, net worth in focus – ‘Democracy dies in oligarchy’

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more