| Monday, 8th December 2025, 6:18 pm

'കൊച്ചി രാജാവിലെയും രാമലീലയിലെയും സീനുകള്‍ സ്റ്റാറ്റസിടുന്ന ഫാന്‍സുകാര്‍ ശ്രദ്ധിക്കുക' വൈറലായി പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി എട്ടാം പ്രതിയായ ദിലീപിനെ തെിവുകളുടെ അഭാവത്തില്‍ വെറുതേ വിടുകയായിരുന്നു. എട്ട് വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ സത്യം തെളിഞ്ഞു എന്നാണ് ദിലീപും ആരാധകരും വിധിക്ക് ശേഷം പ്രതികരിച്ചത്.

സോഷ്യല്‍ മീഡിയയിലും ദിലീപ് ഫാന്‍സിന്റെ ആഘോഷമാണ്. മലയാളസിനിമയിലെ തന്റെ പ്രതാപം ദിലീപ് തിരിച്ചുപിടിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. താരത്തിന്റെ സിനിമകളുടെ സ്‌ക്രീന്‍ഷോട്ടുകളോടൊപ്പമാണ് പോസ്റ്റുകള്‍ പങ്കുവെക്കപ്പെടുന്നത്. എന്നാല്‍ ഇതിനിടയില്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

‘കൊച്ചിരാജാവിലെയും രാമലീലയിലെയും സീനുകളും സ്‌ക്രീന്‍ഷോട്ടുകളും മാസ്സാക്കി പോസ്റ്റിടുന്ന ആരാധകര്‍ ശ്രദ്ധിക്കുക’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. മാസ് എന്ന വ്യാജേന ഈ സിനിമകളിലെ സ്‌ക്രീന്‍ഷോട്ട് സ്റ്റാറ്റസിടരുതെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കിലെ അണ്‍പോപ്പുലര്‍ ഒപ്പീനിയന്‍ എന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കൊച്ചി രാജാവിലെ ഇന്‍ട്രോ സീനില്‍ കൊലപാതക കേസില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന കഥാപാത്രമാണ് ദിലീപിന്റേതെന്ന് പോസ്റ്റില്‍ പറയുന്നു. ക്രിമിനല്‍ റെക്കോഡുള്ള കുറ്റവാളിയായാണ് ദിലീപിന്റെ കഥാപാത്രത്തെ കാണിക്കുന്നതെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. രാമലീലയില്‍ താന്‍ ചെയ്ത കുറ്റം മറ്റൊരാളുടെ തലയില്‍ കെട്ടിവെച്ച് മാസ്സാകുന്ന കഥാപാത്രമാണ് ദിലീപിന്റേതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘യഥാര്‍ത്ഥത്തില്‍ ഈ രണ്ട് സിനിമകളിലും ദിലീപിന്റെ കഥാപാത്രം ശരിക്കും കുറ്റക്കാരന്‍ തന്നെയാണ്. ഫാന്‍സുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പലരും പങ്കുവെക്കുന്നുണ്ട്. കരിയറില്‍ ആകെ എടുത്തുപറയാന്‍ ഈ രണ്ട് മാസ് സിനിമകള്‍ മാത്രമേയുള്ളൂവെന്നും പിന്നെയുള്ള റണ്‍വേയിലും ദിലീപ് ജയിലില്‍ പോകുന്നുണ്ടെന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു.

ദിലീപ് ഫാന്‍സിന്റെ വക തെറിവിളിയും പോസ്റ്റിന് താഴെ കാണാനാകും. ‘അവനൊപ്പം, ദിലീപിനൊപ്പം’ എന്നീ ടാഗ്‌ലൈനുകള്‍ പോസ്റ്റിന് താഴെ കാണാനാകും. വിധി പ്രഖ്യാപിച്ചതിന് ശേഷം കോടതിയുടെ പരിസരത്ത് ദിലീപ് ആരാധകര്‍ ലഡു വിതരണം ചെയ്തിരുന്നു.

Content Highlight: Warning post to Dileep fans after court verdict viral

We use cookies to give you the best possible experience. Learn more