| Monday, 9th November 2026, 1:50 pm

ചില കാര്യങ്ങള്‍ ക്രിക്കറ്റിനെക്കാള്‍ വലുതാണ്, കാലം കടന്നുപോയത് കൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല: ഉസ്മാന്‍ ഖവാജയ്ക്ക് പിന്തുണയുമായി ഡേവിഡ് വാര്‍ണര്‍

ദേവിക ജയചന്ദ്രന്‍

സാന്‍ഡ്‌പേപ്പര്‍ സംഭവത്തിന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ അതിനെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്.

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തെക്കുറിച്ച് ടീമിലെ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നെന്നും എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നെന്നുമാണ് ഖവാജ പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്തം മൂന്ന് താരങ്ങളില്‍ ഒതുങ്ങാതെ എല്ലാവരും ഏറ്റെടുക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഖവാജയുടെ വെളിപ്പെടുത്തലുകളെ ക്രിക്കറ്റ് ലോകം സ്വീകരിച്ചത് പല രീതിയിലായിരുന്നു. നവംബര്‍ പത്തിന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘സബ്ര്!’ ന്റെ പ്രകാശനത്തിന് മുന്നോടിയായി നൈന്‍ ന്യൂസ്‌പേപ്പേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖവാജയുടെ വെളിപ്പെടുത്തല്‍.

പുസ്തകത്തിന്റെ പരസ്യത്തിന് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഖവാജയുടെ വെളിപ്പെടുത്തല്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഖവാജയെ പിന്തുണച്ച് വാര്‍ണര്‍ രംഗത്തെത്തിയിരിക്കുകായാണ്. ചില കാര്യങ്ങള്‍ ക്രിക്കറ്റിനേക്കാള്‍ വലുതാണെന്ന് പറഞ്ഞ് കൊണ്ടാണ് വാര്‍ണര്‍ തന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇത് പഴയ മുറിവുകള്‍ വീണ്ടും തുറക്കുന്നതിനെപ്പറ്റിയല്ലെന്നും ഒരിക്കലും ശരിയായ രീതിയില്‍ ഉണങ്ങിയിട്ടില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതിനെക്കുറിച്ചാണെന്നും വാര്‍ണര്‍ പറഞ്ഞു.

‘എന്റെ സഹോദരന്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സ്വന്തം ഭാഗത്തെ സത്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം ആവശ്യമാണ്. പ്രത്യേകിച്ചും, നിങ്ങള്‍ മൗനം പാലിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെങ്കില്‍. കാലം കടന്നുപോയതുകൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നത് പഴയ വിരോധം വെച്ചുപുലര്‍ത്തുന്നതായി തെറ്റിദ്ധരിക്കരുത്,’ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ വാര്‍ണര്‍ പറഞ്ഞു.

എട്ട് വര്‍ഷമായി താന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടെന്നും ഉസ്മാന്‍ ഖവാജയ്ക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് വാര്‍ണര്‍ വീഡിയോ ആരംഭിക്കുന്നത്.

‘നിങ്ങള്‍ പറഞ്ഞതെല്ലാം നൂറുശതമാനവും ശരിയാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും സത്യം അറിയാം. അത് പുറത്തുവന്നുകഴിഞ്ഞു. ആളുകള്‍ അറിയാന്‍ ആഗ്രഹിച്ച കാര്യമായിരുന്നു അത്. നിങ്ങള്‍ അത് തുറന്നുപറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എട്ട് വര്‍ഷത്തിനുശേഷം ഒരു പുസ്തകം വില്‍ക്കാനാണോ ഈ കാര്യങ്ങള്‍ പറയുന്നതെന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഇത് ഉസ്മാന്റെ കഥയാണ്. ഉസ്മാന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അന്നുമുതല്‍ നടന്ന ഓരോ കാര്യവും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിന് നന്ദി,’ വാര്‍ണര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ നടന്ന അഭിമുഖ നടപടിക്രമങ്ങള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയതും പിഴവുകള്‍ നിറഞ്ഞതുമായിരുന്നുവെന്നും കാമറൂണ്‍ ബെന്‍ക്രോഫ്റ്റിന്റെ തൊട്ടടുത്താണ് നിന്ന ഖവാജയെ ചോദ്യം ചെയ്തില്ലെന്നും പറഞ്ഞ വാര്‍ണര്‍ അങ്ങനെയിരിക്കെ എങ്ങനെയാണ് ഇതൊരു സമഗ്രമായ അന്വേഷണമാകുന്നതെന്ന് ചോദിച്ചു.

‘

ആരെയും കുറ്റപ്പെടുത്താനോ പഴയ മുറിവുകള്‍ വീണ്ടും തുറക്കാനോ അല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഉത്തരവാദിത്തം ഉറപ്പാക്കുക, സുതാര്യത ഉറപ്പാക്കുക, സത്യം കൃത്യമായി പരിശോധിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാനം,’ അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തം ആവശ്യപ്പെടുന്ന വ്യക്തിയെ നിരന്തരം ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, അതിന് പകരം അന്വേഷണത്തിന് ഉത്തരവാദികളായവരോട് അത് എത്രത്തോളം കൃത്യമായും സത്യസന്ധമായും നടത്തിയെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മാധ്യമങ്ങളിലൂടെ നിരവധി പ്രസ്താവനകളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അപ്പോള്‍ പലരും മൗനം പാലിച്ചെന്നും വാര്‍ണര്‍ പറഞ്ഞു.

12 വയസുകാരിയായ മകള്‍ ഇതിനെപ്പറ്റി ചോദിച്ചെന്നും അത് വിശദീകരിക്കുന്നത് പ്രയാസമായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു. ഉസ്മാന്‍ ഖവാജ മറുപടി പറഞ്ഞിരിക്കുന്നത് എല്ലാവരും ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിനാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്മിത്തും ബാന്‍ക്രോഫ്റ്റും താനും കടന്നുപോയത് പ്രയാസമേറിയ കാലഘട്ടത്തിലൂടെയായിരുന്നുവെന്നും സത്യങ്ങള്‍ പുറത്തുവരേണ്ടത് ആവശ്യമായിരുന്നുവെന്നും പറഞ്ഞ വാര്‍ണര്‍ ഖവാജയ്ക്ക് പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

സാന്‍ഡ്‌പേപ്പര്‍ സംഭവം പുറത്തുവന്നതിനു പിന്നാലെ ഡ്രസ്സിങ് റൂമില്‍ സഹതാരങ്ങളോട് കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതായും എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ടുപോയതെന്നും ഖവാജ പറഞ്ഞിരുന്നു.

വിവാദം സ്മിത്തിനെയും വാര്‍ണറെയും ബാന്‍ക്രോഫ്റ്റിനെയും മാനസികമായും വ്യക്തിപരമായും ബാധിച്ചുവെന്നും സംഭവത്തിന്റെ ഭാരം അവര്‍ ഇപ്പോഴും പേറുകയാണെന്നും ഖവാജ പറഞ്ഞു.

Content Highlight: Warner stands with Khawaja for speaking up on Sandpaper Gate: ‘Wounds never properly healed’.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more